സമരം തുടരും; തീരുമാനത്തിലുറച്ച് കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷൻ

കെഎസ്ഇബിയിൽ സമരം തുടരാൻ കെ.എസ്.ഇ.ബി ഓഫിസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. സംസ്ഥാന പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാറിന്റേയും അസോസിയേഷൻ നേതാവ് ജാസ്മിൻ ബാനുവിന്റേയും സസ്‌പെൻഷൻ പിൻവലിച്ചുവെങ്കിലും സ്ഥലംമാറ്റം അംഗീകരിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. തിങ്കളാഴ്ച മുതൽ മറ്റു പ്രക്ഷോഭങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. ( kseb officers association strike )
സമരം ഒത്തുതീർപ്പാക്കാൻ ഓഫിസർമാരുടെ സംഘടനകളുമായി മാനേജ്‌മെന്റ് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എക്‌സിക്യുട്ടീവ് എൻജിനീയറും അസോസിയേഷൻ നേതാവുമായ ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത് ചർച്ചയിൽ അറിയിച്ചു. എന്നാൽ തിരുവനന്തപുരം ഡിവിഷനിൽ നിന്നും സീതത്തോട് ഡിവിഷനിലേക്ക് സ്ഥലംമാറ്റിയത് അംഗീകരിക്കാനാകില്ലെന്നായിരുന്നു അസോസിയേഷന്റെ തീരുമാനം. ചർച്ചയ്ക്ക് ശേഷം എം.ജി.സുരേഷിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. എന്നാൽ വൈദ്യുതി ബോർഡ് ആസ്ഥാനത്തു നിന്നും പെരിന്തൽമണ്ണയിലേക്ക് സ്ഥലംമാറ്റി. സംസ്ഥാന സെക്രട്ടറി ബി.ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻരവലിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് തീരുമാനം.
ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ജാസ്മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചത്. സ്ഥലംമാറ്റത്തിനെതിരെ ജാസ്മിൻബാനു ഹൈക്കോടതിയെ സമീപിച്ചേക്കും. തിങ്കാളാഴ്ച മുതൽ സമരം ശക്തമാക്കാനാണ് നീക്കം. സംയുക്ത സമര സഹായ സമിതിയുമായി കൂടിയാലോചിച്ച ശേഷമാകും ഇത്. റിലേ സത്യാഗ്രഹത്തിന് പകരം അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങുന്നതും പരിഗണനയിലാണ്.
Story Highlights: kseb officers association strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here