Advertisement

‘ഗൂഢാലോചനയില്‍ ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണം’;ആരോപണം ആവര്‍ത്തിച്ച് സ്വാമി ഗംഗേശാനന്ദ

April 14, 2022
Google News 1 minute Read

തനിക്കെതിരായ ഗൂഢാലോചനയില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ. ഗൂഢാലോചനയെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ കാര്യം പത്രമാധ്യമങ്ങളിലൂടെയാണ് അറിയാന്‍ സാധിച്ചത്. ഗൂഢാലോചന അന്വേഷിക്കുമ്പോള്‍ ബി സന്ധ്യയുടെ പങ്കുകൂടി അന്വേഷിക്കണമെന്ന നിര്‍ദേശമാണ് ഈ ഘട്ടത്തില്‍ തനിക്ക് മുന്നോട്ടുവയ്ക്കാനുള്ളതെന്ന് ഗംഗേശാനന്ദ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

ജന്മനാട്ടില്‍ ചട്ടമ്പിസ്വാമികള്‍ക്ക് ഒരു സ്മാരകം വേണമെന്ന ആവശ്യവും വാര്‍ത്താസമ്മേളനത്തിലൂടെ സ്വാമി ഗംഗേശാനന്ദ മുന്നോട്ടുവച്ചു. ശ്രീനാരയണ ഗുരുവിനും അയ്യങ്കാളിക്കും ജന്മനാട്ടില്‍ സ്മാരകമുണ്ട്. താന്‍ ഈ ആവശ്യം കുറച്ച് നാളായി ഉന്നയിക്കുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഈ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്നും ഗംഗേശാനന്ദ കൂട്ടിച്ചേര്‍ത്തു.

ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ ഫെബ്രുവരി മാസത്തില്‍ വഴിത്തിരിവുണ്ടായ പശ്ചാത്തലത്തിലായിരുന്നു വാര്‍ത്താ സമ്മേളനം. ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസമെന്ന് കണ്ടതോടെ ഇരുവരും ചേര്‍ന്ന് സ്വാമിക്കെതിരെ നീക്കം നടത്തിയെന്ന തരത്തിലാണ് പുതിയ കണ്ടെത്തല്‍. ഇരുവരേയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ട്.

2017 മെയ് 20 രാത്രിയിലാണ് കണ്ണമൂലയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിഥിയായെത്തിയ ഗംഗേശാനന്ദയുടെ നേരെ ആക്രമണം നടക്കുന്നത്. സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിംഗം മുറിച്ചെന്നാണ് യുവതി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഗംഗേശാന്ദയ്‌ക്കെതിരെ ബലാത്സംഗത്തിനടക്കം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നും സഹായി അയ്യപ്പദാസാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും യുവതി തിരുത്തിപ്പറയുകയായിരുന്നു. താനല്ല സ്വാമിയെ ആക്രമിച്ചതെന്നും പിന്നീട് യുവതി പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തലുകള്‍. കേസിലെ ഉന്നത പൊലീസ് ഗൂഢാലോചനയടക്കമുളള വിഷയങ്ങള്‍ ആരോപിച്ചുകൊണ്ട് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സുഹൃത്തായ അയ്യപ്പദാസുമായി ചേര്‍ന്ന് സ്വാമിയെ ആക്രമിക്കാന്‍ യുവതി പദ്ധതിയിടുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പദ്ധതി തയ്യാറാക്കുന്നതിനായി ഇരുവരും കൊല്ലത്തെ കടല്‍ത്തീരത്തുവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

Story Highlights: swamy gangeshananda against b sandhya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here