യുവതാരങ്ങളെ മെച്ചപ്പെടുത്താൻ ജൂനിയർ ലീഗുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്

യുവ ക്രിക്കറ്റ് താരങ്ങളെ മെച്ചപ്പെടുത്തിയെടുക്കാൻ ജൂനിയർ ലീഗുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പാകിസ്താൻ ജൂനിയർ ലീഗ് എന്ന് പേരിട്ടിരിക്കുന്ന ഈ ടൂർണമെൻ്റ് ഇക്കൊല്ലം ഒക്ടോബറിൽ നടത്താനാണ് പിസിബിയുടെ പദ്ധതി. ടി-20 മാതൃകയിലാവും ടൂർണമെൻ്റ്. ഇത്തരത്തിലുള്ള ലോകത്തെ ആദ്യ ക്രിക്കറ്റ് ടൂർണമെൻ്റാണ് ഇതെന്ന് പിസിബി ചെയർമാൻ റമീസ് രാജ പറഞ്ഞു.
“ഓരോ സിറ്റികൾ കേന്ദ്രീകരിച്ചാവും ടീമുകൾ. പിഎസ്എലിൽ ഇല്ലാത്ത സിറ്റികൾക്കാവും ടീമുകൾ ലഭിക്കുക. ഡ്രാഫ്റ്റ് സിസ്റ്റത്തിലൂടെ 19 വയസ്സിൽ താഴെയുള്ള താരങ്ങളെ തെരഞ്ഞെടുക്കും. ആഭ്യന്തര, രാജ്യാന്തര ക്രിക്കറ്റുകൾ തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ടൂർണമെൻ്റിൻ്റെ ലക്ഷ്യം. ഇതുവഴി മികച്ച താരങ്ങളെ കണ്ടെത്താനാവും.”- റമീസ് രാജ പറഞ്ഞു.
പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് റമീസ് രാജ രാജിവച്ചേക്കുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അവിശ്വാസ പ്രമേയം പാസായി പാകിസ്താൻ പ്രധാന മന്ത്രി ഇമ്രാൻ ഖാൻ പുറത്തായതോടെയാണ് റമീസ് രാജയും രാജിക്കൊരുങ്ങുന്നത്. ഇമ്രാൻ ഖാൻ്റെ പിന്തുണയോടെയാണ് റമീസ് ചെയർമാൻ സ്ഥാനത്തെത്തിയത്. പുതിയ പ്രധാനമന്ത്രിയുടെ പിന്തുണയില്ലെങ്കിൽ അദ്ദേഹത്തിന് രാജിവച്ചൊഴിയേണ്ടിവരും എന്നായിരുന്നു റിപ്പോർട്ട്.
Story Highlights: junior league pakistan pcb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here