Advertisement

ഇരട്ടക്കൊലപാതകം; പൊലീസിനെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

April 17, 2022
Google News 1 minute Read
kaanam

എസ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രം​ഗത്ത്. നിയമസംവിധാനത്തിന് പരിമിതികളുണ്ടെന്നും പൊലീസ് സ്റ്റേഷനുകളിൽ അറിയിപ്പ് നൽകിയിട്ടല്ല വർ​ഗീയ സംഘടനകൾ ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

എല്ലാവരും മതനിരപേക്ഷത സംരക്ഷിക്കാൻ ഒരുമിക്കുകയാണ് വേണ്ടത്. കൊലപാതകങ്ങളിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ല. പ്രതികളെ ഉടൻ പിടികൂടുകയാണ് പൊലീസ്‌ ചെയ്യേണ്ടത്. പാലക്കാട്ടെ ഇരട്ടക്കൊലപാതകം വർ​ഗീയ സംഘടനകൾ തമ്മിലുള്ള തർക്കമാണ്. ഇത് നാടിന് ആപത്താണ്. ഭൂരിപക്ഷ വർ​ഗീയതയും ന്യൂനപക്ഷ വർ​ഗീയതയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. ഇത് രാജ്യത്തിന് വളരെ വിനാശകരമായ പ്രവണതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ മണ്ണ് വർ​ഗീയ ശക്തികൾക്ക് വിട്ടുകൊടുക്കരുതെന്ന് എം.എൽ.എ പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. കൊലപാതക രാഷ്ട്രീയത്തിനെതിരെ മുസ്ലിംലീ​ഗ് ക്യാമ്പയിൻ നടത്തും. ഇക്കാര്യത്തിൽ സർക്കാർ ജാ​ഗ്രത പുലർത്തണമെന്നും കേരളം ഉണർന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also : പാലക്കാട് 50 ഓളം ആർഎസ്എസ് , എസ്ഡിപിഐ പ്രവർത്തകർ കരുതൽ തടങ്കലിൽ

എസ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.

പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയിൽ കയറി വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നാണ് ബിജെപിയുടെ ആരോപണം.

ഇന്നുച്ചയ്ക്ക് ഒരു മണിയോടെ രണ്ട് ബൈക്കുകളിലും ഒരു സ്‌കൂട്ടറിലുമായി എത്തിയ അക്രമിസംഘം, ശ്രീനിവാസന്റെ എസ്‌കെഎസ് ഓട്ടോഴ്‌സ് എന്ന കടയിൽ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പ്രദേശവാസികളാണ്ശ്രീനിവാസനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നേരെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Story Highlights: Double murder; Kanam Rajendran defends police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here