ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയ ആളാണ് രാഹുൽ ഗാന്ധി; വിമർശനവുമായി പിജെ കുര്യൻ

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പിജെ കുര്യൻ. രാഹുൽ ഗാന്ധി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടിയ ആളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി അധ്യക്ഷനല്ലാത്ത ഒരാൾ നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ല. രാഹുൽ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുൽ അല്ലാതെ മറ്റൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും പിജെ കുര്യൻ ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നാഥനില്ലാക്കളരിയായി മാറിയതാണ് കോൺഗ്രസ്സിൻറെ അധഃപതനത്തിന് കാരണമെന്നാണ് പി ജെ കുര്യൻറെ കുറ്റപ്പെടുത്തൽ. മുങ്ങാൻ തുടങ്ങിയ കപ്പലുപേക്ഷിച്ച് പോയ കപ്പിത്താനെപ്പോലെയാണ് രാഹുൽ ഗാന്ധിയെന്നും കുര്യൻ പരിഹസിച്ചു. ഉത്തരവാദിത്തങ്ങൾ ഇട്ടെറിഞ്ഞ് പോയ ആളാണ് രാഹുൽ. രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ലെന്നും കുര്യൻ കുറ്റപ്പെടുത്തി. കൂടിയാലോചനകളില്ലാത്ത പാർട്ടിയായി കോൺഗ്രസ് അധപതിച്ചുവെന്നും പിജെ കുര്യൻ ആഞ്ഞടിച്ചു.
നേതൃപദവികളോ ചുമതലകളോ ഇല്ലാതിരുന്നിട്ടും പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ ഇപ്പോഴും തീരുമാനമെടുക്കുന്നത് രാഹുൽ ഗാന്ധിയാണെന്നും ഇത് ശരിയല്ലെന്നും പിജെ കുര്യൻ പറയുന്നു. അനുഭവ സമ്പത്തുളള, മുതിർന്ന നേതാക്കളുമായി യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ല. തനിക്കു ചുറ്റുമുളള കോക്കസുമായി മാത്രമാണ് രാഹുൽ ഗാന്ധിയുടെ ആശയവിനിമയം. എന്നാൽ, ആ കോക്കസിന് വേണ്ടത്ര അനുഭവ ജ്ഞാനമില്ലെന്നും കുര്യൻ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു. രാഹുൽ ഗാന്ധിയല്ലാത്ത മറ്റൊരാൾ കോൺഗ്രസ്സിൻറെ അധ്യക്ഷസ്ഥാനത്തേക്ക് വരണം അത് നെഹ്റു കുടുംബത്തിന് പുറത്തുളള ഒരാളാകട്ടെ. നെഹ്റു കുടുംബത്തിൽ നിന്ന് തന്നെ കോൺഗ്രസ്സിന് സ്ഥിരം അധ്യക്ഷൻ വേണമെന്ന് നിർബന്ധമില്ല. മറ്റൊരാൾ കോൺഗ്രസ്സ് അധ്യക്ഷനാകുന്നതിന് തടസ്സം നിൽക്കുന്നത് രാഹുൽ ഗാന്ധിയാണെന്ന കുറ്റപ്പെടുത്തലും പി ജെ കുര്യൻറെ അഭിമുഖത്തിലുണ്ട്.
Story Highlights: pj kurien against rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here