Advertisement

കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും

April 18, 2022
Google News 1 minute Read

മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തീകരിച്ചതിനു പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ ചർച്ച ചെയ്യാൻ കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലേക്കും നേതൃത്വം കടന്നേക്കും.

ഇന്ന് രാവിലെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗവും വൈകിട്ട് ഭാരവാഹിയോഗവും ചേരും. നാളെ സമ്പൂർണ്ണ എക്സിക്യൂട്ടിവ് യോഗവും ചേരുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പ് ചർച്ചകളാണ് പ്രധാന അജണ്ട. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിൽ ഭാരവാഹികളെ കണ്ടെത്തുക എന്നതാണ് നേതൃത്വത്തിൻറെ താത്പര്യം. പുനഃസംഘടനാ ചർച്ചകളിൽ പരിഗണിച്ചവരെ സമവായ സ്ഥാനാർത്ഥികളാക്കാനും നീക്കമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നേതൃയോഗങ്ങളിലെ പൊതു നിലപാട് അനുസരിച്ചാകും അന്തിമ തീരുമാനം.

മെമ്പർഷിപ്പ് ക്യാംപയിൻ പൂർത്തിയായ സാഹചര്യത്തിൽ എത്രപേർ അംഗങ്ങളായി എന്ന കൃത്യമായ കണക്കും നേതൃയോഗങ്ങളിൽ അവതരിപ്പിക്കും. 50 ലക്ഷം അംഗങ്ങളെ ചേർക്കുമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനാകാത്തതിൽ വിമർശനങ്ങൾക്കും സാധ്യതയുണ്ട്. ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക്, കെ വി തോമസിനെ ക്ഷണിച്ചിട്ടില്ല. അച്ചടക്കലംഘനത്തിൻറെ പേരിൽ നടപടിയുടെ നിഴലിൽ നിൽക്കുന്നതിനാലാണ് തോമസിനെ ക്ഷണിക്കാത്തത് എന്നാണ് നേതൃത്വത്തിൻറെ വിശദീകരണം. വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിൻറെ നടപടിയും യോഗങ്ങളിൽ ചർച്ചയായേക്കും. മുതിർന്ന നേതാവ് പി ജെ കുര്യനും രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ അംഗമാണ്. ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച കുര്യനെതിരെ മറ്റു നേതാക്കൾ തിരിയുമോയെന്നതും ശ്രദ്ധേയമാണ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് അനൌപചാരിക ചർച്ചകളും യോഗങ്ങളിലുണ്ടായേക്കും. പി ടി തോമസിൻറെ ഭാര്യ ഉമാതോമസിനെയാണ് കെപിസിസി നേതൃത്വം സ്ഥാനാർത്ഥിയായി മുന്നിൽക്കാണുന്നത്. എന്നാൽ, മറ്റുനേതാക്കളെ പരിഗണിക്കണമെന്ന ആവശ്യവും ഒരുവിഭാഗത്തിനുണ്ട്. ഇക്കാര്യത്തിലുൾപ്പെടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന നേതൃയോഗങ്ങളിൽ‌ വിശദ ചർച്ചകളുണ്ടാകും.

Story Highlights: kpcc meeting start tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here