സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ; സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് സ്പീക്കര്‍

പാലക്കാട് എസ്ഡിപി-ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കെടുക്കേണ്ടെന്ന തീരുമാനം സ്പീക്കര്‍ അറിയിച്ചത്.
‘പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തില്‍ പങ്കെടുക്കുമോ എന്ന് ഇന്നലെ മുതല്‍ പലരും അന്വേഷിച്ചിരുന്നു. സ്പീക്കര്‍മാര്‍ സാധാരണ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന കീഴ്‌വഴക്കമില്ല. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തില്‍ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാല്‍ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ അതൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടാന്‍ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമെന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നതല്ല. യോഗ തീരുമാനങ്ങള്‍ക്കും സമാധാന ശ്രമങ്ങള്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നു’.
ജില്ലയിലെ പ്രത്യേക സാഹചര്യത്തിലാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ജനപ്രതിനിധിയെന്ന നിലയില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടത് ചുമതലയാണെന്നും ആ ചുമതല നിറവേറ്റുമെന്നും സ്പീക്കര്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
സര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളില്‍ സാധാരണ സ്പീക്കറുടെ പ്രതിനിധിയാണ് പങ്കെടുക്കുന്നത്. ഇവിടെ പ്രോട്ടോക്കോള്‍ നോക്കി പങ്കെടുക്കേണ്ട വിഷയമല്ല. ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട് എന്നായിരുന്നു എം ബി രാജേഷ് ആദ്യം അറിയിച്ചിരുന്നത്.
Story Highlights: mb rajesh will not attent all party meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here