സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ്; മേഘാലയക്ക് ജയത്തുടക്കം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ മേഘാലയക്ക് ജയത്തുടക്കം. ആവേശ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് രാജസ്ഥാനെ പരാജയപ്പെടുത്തി. ഫിഗോയുടെ ഇരട്ട ഗോൾ പ്രകടനമാണ് ജയം സമ്മാനിച്ചത്. ഹാർഡി നോങ്ബ്രി ഒരു ഗോൾ നേടി. യൂരാജ് സിംഗ്, ഇമ്രാൻ ഖാൻ എന്നിവരാണ് രാജസ്ഥാൻ്റെ ഗോൾ സ്കോറർമാർ.
കളിയുടെ 2 ആം മിനിറ്റിൽ മേഘാലയയെ ഞെട്ടിച്ച് രാജസ്ഥാൻ മുന്നിൽ എത്തി. യൂരാജ് സിംഗാണ് ലീഡ് നേടിക്കൊടുത്തത്. ഗോൾ വഴങ്ങിയതോടെ ആക്രമിച്ച് കളിച്ച മേഘാലയ 25 ആം മിനിറ്റിൽ ഫലം കണ്ടു. ഫിഗോ സമനില നേടി. വീറോടെ കളിച്ച് 39 മിനിറ്റിൽ ഫിഗോയിലൂടെ മേഘാലയ മുന്നിൽ എത്തി. ഒരു ഗോൾ ലീഡുമായി മേഘാലയ ആദ്യ പകുതി പൂർത്തിയാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇമ്രാൻ ഖനിലൂടെ രാജസ്ഥാൻ ഒപ്പമെത്തി. എന്നാൽ 10 മിനിറ്റിനുള്ളിൽ മേഘാലയ വീണ്ടും ലീഡ് ഉയർത്തി. ഇത്തവണ ഹാർഡി നോങ്ബ്രിയാണ് വല ചലിപ്പിച്ചത്. പിന്നീടുള്ള രാജസ്ഥാൻ ശ്രമങ്ങൾ ഫലം കണ്ടില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ മേഘാലയ 3, രാജസ്ഥാൻ 2.
രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെട്ടിരുന്നു. അതേസമയം സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ കേരളം ഇന്ന് ഇറങ്ങും. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളത്തിന്റെ രണ്ടാം മത്സരത്തില്‍ കരുത്തരായ വെസ്റ്റ് ബംഗാളാണ് എതിരാളി.
Story Highlights: santosh trophy updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here