മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ എല്ലാരും കണ്ണൂർക്കാർ, കേരളത്തിന്റെ അധികാര കേന്ദ്രമായി ജില്ല

സി.പി.ഐ.എം രാഷ്ട്രീയത്തിൽ സവിശേഷ പദപ്രയോഗമാണ് കണ്ണൂർ ലോബി. പാർട്ടിയുടെ ഡി.എൻ.എ കുറിച്ചിടുന്ന വിശേഷണം. മുഖ്യമന്ത്രി പിണറായി വിജയന് പിന്നിൽ ഒറ്റക്കെട്ടായി നിൽക്കുന്ന ജില്ല. രണ്ട് പൊളിറ്റ്ബ്യൂറോ അംഗങ്ങൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ അഞ്ചുപേർ, സംസ്ഥാന കമ്മിറ്റിയിലും നിരവധി പേർ. 18 ഏരിയാകമ്മിറ്റികൾ, 216 ലോക്കൽ കമ്മിറ്റികൾ, 3592 ബ്രാഞ്ചുകൾ, അമ്പതിനായിരത്തിലധികം അംഗങ്ങൾ. ഇന്ത്യയിൽത്തന്നെ പാർട്ടിയുടെ ഏറ്റവും കരുത്തുറ്റ ജില്ല, സിപിഐഎമ്മിന്റെ തെളിഞ്ഞുകത്തുന്ന വിളക്കുമരങ്ങളിലൊന്ന്.
കേരളത്തിലെ സിപിഎമ്മിന്റെ ചരിത്ര നിര്‍മ്മാണത്തില്‍ കണ്ണൂർ വഹിച്ച പങ്കിന് സമാനതകളില്ല. അഞ്ചരക്കണ്ടിപ്പുഴ കരയിട്ടൊഴുകുന്ന ഗ്രാമമാണ് കണ്ണൂർ പിണറായിയിലെ പാറപ്രം. മൂന്ന് ഭാഗവും പുഴ. അടുത്തൊന്നും റോഡില്ല. പോലീസിനോ ഒറ്റുകാര്‍ക്കോ എത്താന്‍ കഴിയാത്ത പ്രദേശം. അഥവാ വല്ലതരത്തിലും അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ പുഴകടന്ന് ധര്‍മടത്തേക്ക് പോകാം. മറ്റൊരു വഴിയിലൂടെ മാവിലായിയിലേക്കോ പെരളശ്ശേരിയിലേക്കോ പിന്‍വാങ്ങാം. തലശ്ശേരിയില്‍ നിന്ന് സാധാരണനിലയില്‍ നെട്ടൂര്‍ വഴിയാണ് പിണറായിക്കും അവിടെ നിന്ന് പാറപ്പുറത്തേക്കും എത്തേണ്ടത്. പാറപ്രത്തെ വിവേകാനന്ദ വായനശാല സ്വാതന്ത്ര്യദാഹികളായ ചെറുപ്പക്കാരുടെ താവളമാണ്. തൊട്ടടുത്ത് വടവതി അപ്പുക്കുട്ടിക്കാരണവരുടെ വീട്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് സുരക്ഷിതമായ ആ സ്ഥലത്ത് 1939 ല്‍ ചരിത്ര പ്രധാനമായ ഒരു സമ്മേളനം നടന്നു. ഒരു പാര്‍ട്ടിയാകെ മറ്റൊരു പാര്‍ട്ടിയായി രൂപാന്തരപ്പെട്ട അത്ഭുതകരമായ സംഭവം!
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഊര്‍ജ്ജസ്വലരായ നേതാക്കള്‍ മുഴുവന്‍ യോഗത്തിന് എത്തിച്ചേര്‍ന്നു. നേതാക്കളുടെ സാന്നിധ്യം തിരിച്ചറിയാതിരിക്കാന്‍ പിണറായിയില്‍ത്തന്നെ അന്ന് മറ്റൊരു സമ്മേളനവും വച്ചു. റാഡിക്കല്‍ ടീച്ചേഴ്‌സ് യൂണിയന്റെ സമ്മേളനമായിരുന്നു ആര്‍ സി അമല സ്‌കൂളില്‍. പാണ്ട്യാല ഗോപാലന്‍, ടി വി അച്യുതന്‍ നായര്‍ തുടങ്ങിയവര്‍ അതിന്റെ നേതാക്കളുമായി പ്രവര്‍ത്തിച്ചു. പ്രതീക്ഷിച്ചതുപോലെ ജനങ്ങളുടെയും പോലീ സിന്റെയും ശ്രദ്ധ മുഴുവന്‍ അധ്യാപക സമ്മേളനത്തെ ചുറ്റിപ്പറ്റി മാത്രമായിരുന്നു.
കെ പി ഗോപാലനായിരുന്നു അധ്യക്ഷന്‍. നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ട് സംക്ഷിപ്തമായി അല്പനേരം ഇ എം എസ് സംസാരിച്ചു. അന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ വിലയിരുത്തിക്കൊണ്ട് ഏതാണ്ട് മൂന്ന് മണിക്കൂര്‍ നേരം കൃഷ്ണപിള്ള വിശദീകരിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളെ അടിമുടി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്. സ്വാതന്ത്ര്യസമരത്തിനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയെക്കുറിച്ച് ചെറിയൊരു വിശദീകരണവും സമ്മേളനത്തിലുണ്ടായി. ഉടന്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരൂപാന്തരപ്പെടേണ്ടതുണ്ടോ എന്ന് ഒന്നുരണ്ടുപേര്‍ സംശയം പ്രകടിപ്പിച്ചു. തല്‍ക്കാലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ കുറച്ചുകാലം പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന അഭിപ്രായവും ഉയര്‍ന്നുവന്നു. ”ഒടുവിലാണ് ചരിത്രപ്രധാനമായ ആ തീരുമാനം സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചത്. ഭാവി പരിപാടിയെക്കുറിച്ച് വിസ്തരിച്ച ചര്‍ച്ചകള്‍, പ്രവര്‍ത്തനസമ്മേളനങ്ങള്‍ ചേരുക, പാര്‍ട്ടി ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുക, മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കാനുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങള്‍ അംഗീകരിച്ച് യോഗം പിരിഞ്ഞു. ആവേശത്തോടയാണ് സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം പിരിഞ്ഞുപോയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് പിണറായി പാറപ്രം സമ്മേളനം നടന്നത്.
1940 ജനുവരി 26 ന് ഉത്തരകേരളത്തിലാകെ പോസ്റ്ററുകള്‍ വഴിയും ചുമരെഴുത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം ജനങ്ങള്‍ അറിഞ്ഞു. രഹസ്യമായ സംഘടനാ രീതിയാണെങ്കിലും അത് സംബന്ധിച്ച നേരിയ സൂചനകള്‍ ഭരണാധികാരികള്‍ക്ക് കിട്ടിതുടങ്ങി. മലബാറില്‍ ഏതോ സ്ഥലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ശാഖ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് 1941 സെപ്തംബര്‍ 16ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചു. മലബാറില്‍ കമ്മ്യൂണിസ്റ്റ് സെല്‍ എന്ന തലക്കെട്ടിലുള്ള വാർത്തയില്‍ അഖിലേന്ത്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ശാഖയുമായി കമ്മ്യൂണിസ്റ്റ് സെല്‍ എന്ന പേരില്‍ ഒരു സ്ഥാപനം മലബാറില്‍ എവിടെയോ സ്ഥാപിച്ചിട്ടുള്ളതായി മനസ്സിലാക്കുന്നു എന്ന് കുറിക്കുന്നു.
അന്ന് തൊട്ട് ഇന്നു വരെ കണ്ണൂർ ജില്ലയോളം പിടി സിപിഐഎം പാർട്ടിയില്‍ മറ്റൊരു ജില്ലയ്ക്കും ഉറപ്പിക്കാനായിട്ടില്ല. എകെജിയില്‍ തുടങ്ങി കെപിആര്‍ ഗോപാലനിലും, ഇകെ നായനാരിലും സിഎച്ച് കണാരനിലുമൂടെ കടന്നു പോകുന്നു ആ ചരിത്രം. പിന്നീട് എംവിആറിലൂടെ കണ്ണൂര്‍ ലോബി സിപിഐഎമ്മിലെ ശക്തി കേന്ദ്രമായി മാറി. സി.എച്ച്. കണാരൻ, എ.കെ.ജി, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിങ്ങനെ സി.പി. ഐ. എം സെക്രട്ടറിമാരായവരിൽ കണ്ണൂരുകാരനല്ലാത്ത ഒരേയൊരാൾ വി.എസ് മാത്രമാണ്.
Story Highlights: Kannur as the center of power in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here