Advertisement

‘വിവാദം മാധ്യമസൃഷ്ടി’; പി ശശി പാര്‍ട്ടി നടപടി ഏറ്റുവാങ്ങി തെറ്റ് തിരുത്തിയ ആളാണെന്ന് ഇ.പി ജയരാജന്‍

April 20, 2022
Google News 3 minutes Read

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചത് ഐകകണ്‌ഠ്യേനയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജന്‍. മറിച്ചുള്ള വാര്‍ത്തകള്‍ ഏതോ കേന്ദ്രത്തില്‍ നിന്നുള്ള മാധ്യമസൃഷ്ടിയാണ്. സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായില്ല. പി ശശി പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. മുന്‍ പരിചയം കണക്കിലെടുത്താണ് പുതിയ നിയമനം. പി ശശി പാര്‍ട്ടി നടപടി ഏറ്റുവാങ്ങി തെറ്റ് തിരുത്തിയ ആളാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിന്റെ എന്‍കൗണ്ടര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (ep jayarajan on p sasi appoinment as cm political secretary )

ഇന്നലെയാണ് പി ശശിയുടെ നിയമനത്തില്‍ എതിര്‍പ്പ് പ്രകടമാക്കി പി ജയരാജന്‍ രംഗത്തെത്തിയത്. എന്നാല്‍ എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് പാര്‍ട്ടി പി ജയരാജന് മറുപടി നല്‍കുകയായിരുന്നു.

ഇടതുപക്ഷ പാര്‍ട്ടികളുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്ന് ഇപി ജയരാജന്‍ ട്വന്റിഫോറിനോട് പറഞ്ഞു. വര്‍ഗീയത രാജ്യത്തെ ഐക്യം തകര്‍ക്കുന്നുവെന്നും വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒന്നിനും കഴിവില്ലാതായതില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്ക് അതൃപ്തിയുള്ള പശ്ചാത്തലത്തില്‍ മുന്നണി പ്രവേശനത്തിന് അനുകൂലമായി ലീഗ് നിലപാടറിയിച്ചാല്‍ വിഷയം പരിശോധിക്കുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. ട്വന്റിഫോറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

Read Also : കഷ്ടപ്പാടിൽ നിന്ന് ജീവിതം നെയ്‌തെടുത്ത് ഒരു യുവാവ്; ഇത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഓഫിസർ

ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നുവരുമെന്ന് ജയരാജന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടതുപക്ഷത്തെ എതിര്‍ത്ത് ശക്തി സംഭരിക്കാന്‍ കഴിയുമെന്ന തെറ്റായ ധാരണയാണ് കേരളത്തിലെ യുഡിഎഫിനുള്ളത്. ഈ നിലപാടിനോട് യുഡിഎഫിന്റെ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. അത് പരിഹരിക്കാന്‍ ഇടതുപക്ഷം ശക്തിപ്പെടണം. ജനങ്ങളുടെ പ്രതീക്ഷ ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് ദുര്‍ബലമായി കഴിഞ്ഞതായി ഘടകകക്ഷികള്‍ക്ക് ബോധ്യമുണ്ട്. കോണ്‍ഗ്രസിന്റെ പിന്നാലെ പോയി തങ്ങളും നശിക്കണോ എന്ന ചിന്ത ആര്‍എസ്പിയും ലീഗും അടക്കമുള്ള പാര്‍ട്ടികള്‍ക്കുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് തന്നെ ലീഗ് ഉള്ളതുകൊണ്ടാണെന്ന ചിന്ത ലീഗിനുണ്ടായിട്ടുണ്ട്. അതിനാല്‍ ലീഗ് നിലപാടറിയിച്ചാല്‍ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി.

‘രാജ്യത്തിന്റെ ഭരണം വര്‍ഗീയ പാര്‍ട്ടി പിടിച്ചെടുത്തു. ആര്‍എസ്എസ് നയിക്കുന്ന വര്‍ഗീയ പാര്‍ട്ടിയാണ് രാജ്യം ഭരിക്കുന്നത്. ഈ വര്‍ഗീയതയ്‌ക്കെതിരെ ഇടതുപക്ഷം ജനങ്ങളെ അണിനിരത്തും. ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നുവരും. ഇതോടെ പ്രത്യേക അറകളില്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ ആ അറ പൊട്ടിച്ച് പുറത്തുവന്ന് ഇടതുപക്ഷത്തിനൊപ്പം ചേരും. അതാണ് വിപുലീകരണം എന്നതിലൂടെ ഉദ്ദേശിക്കുന്നത്. വികസന പരിപാടികളിലൂടെ എല്‍ഡിഎഫ് മുന്നേറും’. ഇപി ജയരാജന്‍ വ്യക്തമാക്കി.

Story Highlights:ep jayarajan on p sasi appoinment as cm political secretary 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here