Advertisement

കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണമെന്ന് രവി ശാസ്ത്രി

April 20, 2022
Google News 2 minutes Read
virat kohli ravi shastri

വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ രവി ശാസ്ത്രി. കോലി മാനസികമായി തളർന്നിരിക്കുകയാണെന്നും ഇടവേളയെടുത്ത് തിരികെവരണമെന്നും രവി ശാസ്ത്രി പറഞ്ഞു. ഇംഗ്ലണ്ട് മുൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ കെവിൻ പീറ്റേഴ്സണും ഇതേ അഭിപ്രായം മുന്നോട്ടുവച്ചു. (virat kohli ravi shastri)

“ആർക്കെങ്കിലും ഇടവേള വേണമെങ്കിൽ അത് കോലിക്കാണ്. ഇംഗ്ലണ്ട് പര്യടനത്തിനു മുൻപ്, ഒന്നര മാസമോ രണ്ട് മാസമോ ഇടവേളയെടുക്കണം. ഇനി ആറോ ഏഴോ വർഷങ്ങൾ ക്രിക്കറ്റ് കളിക്കാൻ കോലിക്ക് സാധിക്കും. അതുകൊണ്ടാണ് ഇടവേല എടുക്കണമെന്ന് പറയാനുള്ള കാരണം.”- രവി ശാസ്ത്രി പറഞ്ഞു. കോലി ആറ് മാസത്തെ ഇടവേളയെടുക്കണമെന്നാണ് പീറ്റേഴ്സൺ അഭിപ്രായപ്പെട്ടത്.

Read Also : ‘ഒരു സാദാ താരമെന്ന നിലയിൽ കളിക്കുക’; വിരാട് കോലിക്ക് ഉപദേശവുമായി ഷൊഐബ് അക്തർ

ഏറെക്കാലമായി മോശം ഫോമിലാണ് കോലി. ഐപിഎലിൻ്റെ 2022 സീസണിൽ ഇതുവരെ ആർസിബിയ്ക്കായി 7 മത്സരങ്ങൾ കളിച്ച താരം 124 സ്ട്രൈക്ക് റേറ്റിൽ 119 റൺസാണ് നേടിയിട്ടുള്ളത്. 48 ആണ് ഉയർന്ന സ്കോർ. ശരാശരി 19.8. ലക്നൗവിനെതൊരായ കഴിഞ്ഞ മത്സരത്തിൽ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പൂജ്യത്തിനു പുറത്തായിരുന്നു. ഇന്ത്യയുടെ ടി-20 ക്യാപ്റ്റൻ സ്ഥാനവും ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനവും രാജിവച്ചതിനു പിന്നാലെ കോലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ബിസിസിഐ നീക്കി. ഇതിനു പിന്നാലെ കോലി ടെസ്റ്റ് ക്യാപ്റ്റൻസിയും രാജിവച്ചു.

തന്നെ ഒരു സാദാ താരമെന്ന നിലയിൽ കണക്കാക്കി കളിക്കാൻ വിരാട് കോലി ശ്രമിക്കണമെന്ന് മുൻ പാകിസ്താൻ പേസർ ഷൊഐബ് അക്തർ നിർദ്ദേശിച്ചിരുന്നു. നിരവധി കാര്യങ്ങൾ കോലി ചിന്തിക്കുന്നുണ്ടാവുമെന്നും അതൊക്കെ ഒഴിവാക്കി ഏകാഗ്രതയോടെ കളിക്കണമെന്നും അക്തർ പറഞ്ഞു. സ്പോർട്സ്കീഡയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അക്തറിൻ്റെ പ്രതികരണം.

“ഒരാളും ഒഴിവാവില്ല, വിരാട് കോലി പോലും. നല്ല പ്രകടനം നടത്തിയില്ലെങ്കിൽ അദ്ദേഹവും ടീമിൽ നിന്ന് പുറത്താക്കപ്പെടും. ചില കാര്യങ്ങൾ എനിക്കിപ്പോൾ പറയാനാവില്ല. നിരവധി കാര്യങ്ങൾ കോലി ചിന്തിക്കുന്നുണ്ടാവാം. നല്ല ഒരു മനുഷ്യനും മഹത്തായ ഒരു ക്രിക്കറ്റ് താരവുമാണ് കോലി. ഏകാഗ്രതയോടെ കളിക്കണമെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. ടിവിയും കാണികളുമൊക്കെ മറന്നേക്കുക. ഒരു സാദാ താരമെന്ന നിലയിൽ തന്നെ കണക്കാക്കി കളിക്കുക. ആളുകൾ കോലിയുടെ നേർക്ക് കൈചൂണ്ടിക്കഴിഞ്ഞു. അത് അപകടമാണ്. അദ്ദേഹം ഫോമിലേക്ക് തിരികെയെത്തുമെന്ന് എനിക്കുറപ്പാണ്.”- അക്തർ പറഞ്ഞു.

Story Highlights: virat kohli break cricket ravi shastri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here