Advertisement

‘എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് അനുമതിയോടെ’; കെ വി തോമസിന് മറുപടിയുമായി പി സി വിഷ്ണുനാഥ്

April 21, 2022
Google News 3 minutes Read

എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടി കെ വി തോമസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി സി വിഷ്ണുനാഥ്. പാര്‍ട്ടി അനുമതിയോടെയാണ് എഐഎസ്എഫ് സെമിനാറില്‍ പങ്കെടുത്തതെന്ന് വിഷ്ണുനാഥ് പ്രതികരിച്ചു. പിസി വിഷ്ണുനാഥിന്റേയും വി ഡി സതീശന്റേയും ഉദാഹരണം ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ തനിക്കും മറ്റുള്ളവര്‍ക്കും വേറെ വേറെ നീതിയാണെന്നായിരുന്നു കെ വി തോമസിന്റെ വിമര്‍ശനം. കെപിസിസി നേതൃത്വത്തിന്റെ അറിവും സമ്മതത്തോടും കൂടിയാണ് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇഫ്താറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാര്‍ട്ടി തന്നെ വിലക്കിയിരുന്നില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. (Attended AISF Seminar with permission says pc vishnunath)

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പങ്കെടുത്തതില്‍ കെപിസിസി നേതൃത്വം എതിര്‍പ്പറിയിച്ചില്ലെന്നും തനിക്ക് ഒരു നീതി പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്ക് വേറെ നീതി എന്ന രീതി ശരിയാണോ എന്നും കെ വി തോമസ് ചോദിച്ചിരുന്നു. ‘സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ പൊലീസിനെ വിട്ട് അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു എന്ന ആരോപണമാണ് എനിക്കെതിരെ കെപിസിസി പ്രധാനമായും ഉന്നയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവിനെതിരെ അപ്പോള്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നത് ? എന്തെങ്കിലും നടപടിക്ക് കെപിസിസി നിര്‍ദേശിച്ചിട്ടുണ്ടോ? എനിക്ക് ഒരു നീതി, മറ്റുള്ളവര്‍ക്ക് മറ്റൊരു നീതി എന്ന രീതി ശരിയാണോ? ഒരുമിച്ച് വേദി പങ്കിട്ടെന്ന് കരുതി പ്രതിപക്ഷ നേതാവ് എല്‍ഡിഎഫിലേക്ക് പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? സെമിനാറില്‍ പങ്കെടുക്കുമെന്ന കാര്യം കൃത്യമായി എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇന്നലെ എഐസിസി നേതൃത്വത്തിന് കത്തും അയച്ചിട്ടുണ്ട്’. കെ വി തോമസ് പറഞ്ഞു.

Read Also : ‘കെ.ജി.എഫ്’ എന്ന് കേട്ടിട്ടുണ്ടോ? റോക്കിയുടെ മണ്ണല്ല, ഇത് യഥാർത്ഥ കോലാർ ​സ്വർണ്ണഖനി

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരിലുള്ള വിവാദത്തില്‍ കെവി തോമസിന്റെ വിശദീകരണം ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം ചേരാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. അച്ചടക്ക നടപടി താക്കീതില്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യത. എഐസിസി അംഗത്വത്തില്‍ നിന്ന് കെ.വി. തോമസിനെ മാറ്റി നിര്‍ത്തിയേക്കും.

കടുത്ത നടപടി വേണ്ടെന്ന നിലപാടിലാണ് അച്ചടക്കസമിതി അംഗങ്ങളില്‍ ഭൂരിപക്ഷവും. വിവാദങ്ങള്‍ ഉണ്ടാക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു എന്ന് കഴിഞ്ഞ ദിവസം കെവി തോമസ് ആരോപിച്ചിരുന്നു. തനിക്കെതിരായ പരാതിയില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡ് തീരുമാനമെടുത്തതിനു ശേഷം തന്റെ നിലപാട് അറിയിക്കാം. കോണ്‍ഗ്രസിനെ നശിപ്പിക്കാനാണ് കെ. സുധാകരന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Attended AISF Seminar with permission says pc vishnunath


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here