‘ഡിവൈഎഫ്ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ’; ഭീഷണിയില്‍ ഖേദം പ്രകടിപ്പിച്ച് സിഡിഎസ് ചെയര്‍പേഴ്‌സണ്‍
ഡിവൈഎഫ്ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഭീഷണി സന്ദേശം അയച്ചതില്‍ ഖേദം പ്രകടിപ്പിച്ച് സിഡിഎസ് ചെയര്‍പേഴ്‌സണ്‍. നിര്‍ബന്ധമായി ഒരാളും പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് വിവാദത്തിലുള്‍പ്പെട്ട സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. താന്‍ പറഞ്ഞതിന്റെ പേരില്‍ ആരും പരിപാടിയ്ക്ക് പോകേണ്ടതില്ലെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. ( cds chairperson appology fine row)
പത്തനംതിട്ട ചിറ്റാറിലെ കുടംബശ്രീ സിഡി എസ് ചെയര്‍ പേഴ്സനാണ് വാട്സ് ആപ് ഗ്രൂപ്പില്‍ സന്ദേശം അയച്ചത്. ചിറ്റാറില്‍ ഇന്ന് പി.കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ എല്ലാ കുടുംബശ്രീ ഗ്രൂപ്പില്‍ നിന്നും 5 പേര്‍ വീതം പങ്കെടുക്കണം. ഇല്ലെങ്കില്‍ 100 രൂപ പിഴ ഈടാക്കുമെന്നായിരുന്നു സന്ദേശം.
ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിലായിരുന്നു ഡിവൈഎഫ്ഐ സെമിനാര്‍. ‘ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചിറ്റാര്‍ ടൗണില്‍ വച്ചാണ് സെമിനാര്‍ ഉദ്ഘാടനം. സെറ്റ് സാരിയും മറൂണ്‍ ബ്ലൗസുമാണ് വേഷം. എല്ലാ കുടുംബശ്രീയില്‍ നിന്നും അഞ്ച് പേര്‍ വീതം നിര്‍ബന്ധമായും വരണം. വരാതിരിക്കരുത്’- വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം ഇങ്ങനെയായിരുന്നു. ഇത് പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ വിവാദമാകുകയായിരുന്നു.
രാഷ്ട്രീയമില്ലാത്ത സംഘടനയാണ് കുടുംബശ്രീ. അതില്‍ വിവിധ രാഷ്ട്രീയ നിലപാടുള്ള സ്ത്രീകളുണ്ട്. അതുകൊണ്ട് തന്നെ ഡിവൈഎഫ്ഐ സെമിനാറില്‍ പങ്കെടുക്കാതിരുന്നാല്‍ പിഴ ഈടാക്കുമെന്ന ഭീഷണിക്കെതിരെ പരതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു സന്ദേശമോ നിര്‍ദേശമോ നല്‍കിയിട്ടില്ലെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. സെമിനാറില്‍ പങ്കെടുക്കാന്‍ ധാരാളം ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരുമുണ്ടെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
Story Highlights: cds chairperson appology fine row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here