Advertisement

ജഹാംഗീര്‍പുരി: പൊളിക്കല്‍ നടപടിക്കുള്ള സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി

April 21, 2022
Google News 3 minutes Read

ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി. ജഹാംഗീര്‍പുരി പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്നും രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഒഴിപ്പിക്കുന്നതിന് നോട്ടിസ് ലഭിച്ചോയെന്ന് ഹര്‍ജിക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. ഉത്തരവിന് ശേഷവും പൊളിക്കല്‍ തുടര്‍ന്നത് ഗൗരവകരമായി കാണുന്നുവെന്നാണ് കോടതി പറഞ്ഞത്. (Jahangirpuri: sc has said that the stay on the demolition process will continue)

മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കെതിരായ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. നോട്ടിസില്ലാത്ത ഒഴിപ്പിക്കല്‍ നടപടി നിയമ വാഴ്ചയ്‌ക്കെതിരെന്ന് ദുഷ്യന്ത് ദവെ കോടതിയില്‍ വാദിച്ചു. ജീവിക്കാനുള്ള അവകാശത്തില്‍ പാര്‍പ്പിടത്തിനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്ന വാദമാണ് വാദിഭാഗം പ്രധാനമായും ഉന്നയിച്ചത്. പൊളിക്കല്‍ നടപടി പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. ഹര്‍ജികള്‍ ജസ്റ്റിസുമാരായ എല്‍എന്‍ റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് പരിഗണിച്ചത്.

Read Also : ജഹാംഗീര്‍പുരി; മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്ത്

ഭരണഘടനാപരവും ദേശീയവുമായ പ്രാധാന്യമുള്ള ദൂരവ്യാപകമായ ചോദ്യങ്ങള്‍ ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ ഉയര്‍ത്തുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സുപ്രീം കോടതിയെ അറിയിച്ചു. 11 മണിക്കാണ് വാദം ആരംഭിച്ചത്. ഇത് ജഹാംഗീര്‍പുരിയുടെ മാത്രം വിഷയമല്ല. സാമൂഹ്യ നീതിയുടെ പ്രശ്‌നമാണ്. ഇത് അനുവദിക്കുന്നത് നാടിന്റെ നിയമവ്യവസ്ഥ അപ്രസക്തമാകുന്നതിന് തുല്യമായിരിക്കുമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയ്ക്ക് മുന്നില്‍ വ്യക്തമാക്കി.

ഒഴിപ്പിക്കല്‍ നടപടിക്കെതിരായ സിപിഐഎം നേതാവ് ബൃന്ദ കാരാട്ടിന്റെ ഹര്‍ജികളും സുപ്രിംകോടതി ഇന്ന് പരിഗണിച്ചു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വര്‍ഗീയ രാഷ്ട്രീയത്തിലെ കരുനീക്കമാണ് ഈ ഒഴിപ്പിക്കല്‍ നടപടിയെന്ന് ഹര്‍ജിയിലൂടെ ബൃന്ദ കാരാട്ട് കോടതിയെ അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടി 1957ലെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിയമത്തിന് വിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു.

ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കം ബൃന്ദ കാരാട്ട് ഇന്നലെ നേരിട്ട് തടഞ്ഞിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രിം കോടതി ഉത്തരവിട്ടിട്ടും കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോയതോടെയാണ് ബൃന്ദ കാരാട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിട്ടും കോപ്പി കയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നത്. തുടര്‍ന്ന് ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകര്‍പ്പുമായി സ്ഥലത്ത് എത്തുകയായിരുന്നു.

Story Highlights: Jahangirpuri: sc has said that the stay on the demolition process will continue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here