ബൃന്ദ കാരാട്ടും റേച്ചൽ കോറിയും തമ്മിൽ എന്ത് ബന്ധം? ഉത്തരം തേടി സോഷ്യൽ മീഡിയ

ഹനുമാന്‍ ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് 2 മത വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കം തടഞ്ഞ് സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് വലിയ ചലനം സൃഷ്ടിച്ചിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രീം കോടതി ഉത്തരവിട്ടിട്ടും കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോയതോടെയാണ് ബൃന്ദ കാരാട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഒന്‍പത് ബുള്‍ഡോസറുകള്‍ അടക്കമുള്ള സംഘം പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങിയ ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ് വന്നത്. ഇതിനിടയില്‍ നിരവധി കടകളും സമീപത്തെ പള്ളിയുടെ മതിലുമെല്ലാം ബുള്‍ഡോസറുകള്‍ തകര്‍ത്തിരുന്നു. ഉത്തരവുമായി സ്ഥലത്തെത്തിയ ബൃന്ദ കാരാട്ട് ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ കയറിനിന്ന് പ്രവൃത്തി തടസ്സപ്പെടുത്തി. ഇതിന് പിന്നാലെയാണ് ബൃന്ദ കാരാട്ടും റേച്ചൽ കോറിയും തമ്മിലുള്ള ബന്ധം സോഷ്യൽ മീഡിയ ആരായുന്നത്.

ആരാണ് ഈ റേച്ചൽ കോറി? എന്തുകൊണ്ട് ഈ പേര് സജീവമാകുന്നു? റേച്ചൽ കോറിയ്ക്ക് എന്താണ് സംഭവിച്ചത്? നോക്കാം…
23ാം വയസിൽ ഫലസ്തീന് വേണ്ടി രക്തസാക്ഷിയായ അമേരിക്കന്‍ പെണ്‍കുട്ടിയാണ് റേച്ചല്‍ കോറി. ഇസ്രായേൽ അധിനിവേശം ഫലസ്തീൻ ഗ്രാമങ്ങളെ തകർക്കുന്ന കാലം. ഗാസയിലെ റാഫയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇരമ്പിയാര്‍ക്കുകയാണ്. തങ്ങളുടെ വീടുകള്‍, ഗ്രാമങ്ങള്‍, ദേവാലയങ്ങള്‍ എല്ലാം നാമാവശേഷമാകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കുന്ന അനേകം ഫലസ്തീന്‍ കുടുംബങ്ങള്‍. ഇതിനിടയില്‍ ഒരു പെണ്‍കുട്ടി കൈയിൽ മെഗാഫോണുമായി സൈന്യത്തിന്റെ ബുള്‍ഡോസറിന് മുന്നില്‍ നെഞ്ചും വിരിച്ച് നിന്നു. അവളുടെ പേരാണ് റേച്ചൽ അലിയെൻ കോറി.

‘ഞാനും ഒരു അമേരിക്കക്കാരിയാണ്. നിങ്ങള്‍ കാട്ടുന്നത് നീതികേടാണ്. ഈ ക്രൂരതയില്‍ നിന്ന് നിങ്ങള്‍ പിന്മാറണം. ഈ പാവങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. ഇത് അവരുടെ മണ്ണാണ്..’ സൈന്യത്തിന്റെ മുഖത്തുനോക്കി അവൾ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ബുള്‍ഡോസറുകള്‍ തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ അവള്‍ക്ക് മുന്നിലേക്ക് കോരിയിട്ടു ഭയപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ പെണ്‍കുട്ടി പിന്‍മാറിയില്ല.
അങ്ങയേറ്റം ക്രൂരമായി സൈന്യം അവള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ പായിച്ചു. ഒരു നിര്‍ജ്ജീവ വസ്തുവിനെ മണ്ണിലേക്ക് ചവിട്ടി താഴ്ത്തുന്ന ലാഘവത്തോടെ ബുള്‍ഡോസര്‍ നീങ്ങി. ഒന്നല്ല, രണ്ടുവട്ടം. ബുള്‍ഡോസറിന്റെ ബ്ലേഡിനടിയില്‍ പെട്ട് തലയോട്ടി തകര്‍ന്ന് മണ്ണില്‍ പുതഞ്ഞുപോയ ആ ശരീരം കൂടെയുണ്ടായിരുന്നവര്‍ വാരിയെടുത്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വൈകാതെ ജീവന്‍ വെടിഞ്ഞു.

റേച്ചലിനെ ക്രൂരമായി കൊല ചെയ്തിട്ടും പട്ടാളക്കാർ ശിക്ഷിക്കപ്പെട്ടില്ല എന്ന് അറിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം ഒരു ആഘോഷം നടത്തി. വിലമതിയ്ക്കാനാകാത്ത ആ മനുഷ്യസ്നേഹിയുടെ കൊലപാതകത്തിൽ ഇസ്രായേൽ ഭരണകൂടത്തിനു തെറ്റു പറ്റിയെന്ന് ലോകത്തിനു ബോധ്യപ്പെടുത്തണമായിരുന്നു. പക്ഷേ, നിഷ്പക്ഷമായ അന്വേഷണം ഇസ്രായേൽ നടത്തിയില്ല, നീതിപൂർവ്വമായ ഒരു വിധി പ്രസ്താവിച്ചതുമില്ല.

Story Highlights: who is Rachel Corrie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here