ശ്രീനിവാസൻ വധക്കേസ്; അന്വേഷണം ഊർജിതം, പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ്

പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതം. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ പന്ത്രണ്ട് പ്രതികളാണ് ഒളിവിലുള്ളത്. ഇതുവരെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേർ പിടിയിലായി. അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും.
ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ 4 പേരാണ് പിടിയിലായത്.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട അന്നാണ് കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും എഡിജിപി അറിയിച്ചു.
Read Also : ശ്രീനിവാസൻ വധക്കേസ്; നാല് പേർ പിടിയിലായെന്ന് സൂചന
അതേസമയം, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിഷുദിനം കുത്തിയതോട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തകരാറിലാകാനുമുള്ള സാധ്യത മുന്നിൽ കണ്ട് ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്.
Story Highlights: Srinivasan murder case investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here