ഫേസ്ബുക്ക് പോസ്റ്റ് വിവാദം; എം.എൽ.എ യു. പ്രതിഭയ്ക്കെതിരെ പാർട്ടി നടപടിയെടുക്കില്ല

ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ കായംകുളം എം.എൽ.എ യു. പ്രതിഭയ്ക്കെതിരെ പാർട്ടി നടപടിയെടുക്കില്ല. യു. പ്രതിഭ തെറ്റ് സമ്മതിച്ചതായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വ്യക്തമാക്കി.
കായംകുളത്ത് തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിച്ചുവെന്നും അവരിപ്പോൾ പാർട്ടിയിൽ സർവസമ്മതരായി നടക്കുകയാണെന്നുമായിരുന്നു ഫേസ്ബുക്ക് കുറിപ്പിൽ പ്രതിഭ ആരോപിച്ചത്. പല മണ്ഡലങ്ങളിലും വോട്ട് ചോർച്ച പരിശോധിച്ചപ്പോഴും കായംകുളത്തിന്റെ കാര്യത്തിൽ ഒരു പരിശോധനയും ഉണ്ടായില്ല. ബോധപൂർവമായി തോൽപ്പിക്കാൻ മുന്നിൽനിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്നത് ദുരൂഹമാണ്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുകയാണ് തുടങ്ങിയ ആരോപണങ്ങളായിരുന്നു ഫേസ്ബുക്ക് കുറിപ്പിൽ പ്രതിഭ ആരോപിച്ചത്.
Read Also : പ്രതിഷേധത്തിൽ പങ്കാളിയായി; കുറ്റ്യാടി എംഎൽഎയ്‌ക്കെതിരെ പാർട്ടി നടപടി
സംഭവം വിവാദമായതോടെ കായംകുളം അസംബ്ലി മണ്ഡലത്തിലെ വോട്ട് ചോർച്ച എവിടെയും ചർച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിൽ യു. പ്രതിഭ എം.എൽ.എ ഖേദം പ്രകടിപ്പിച്ചിരുന്നു. വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടിക്ക് അപ്രിയമായ ഒരു പ്രവർത്തിയും ഇനി ഉണ്ടാവില്ല. കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്ന് ഉണ്ടായെന്നും അവർ പറഞ്ഞിരുന്നു.
വിവാദമായ ഫേസ്ബുക്ക് പോസ്റ്റിൽ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. യു. പ്രതിഭ തെറ്റ് സമ്മതിച്ച പശ്ചാത്തലത്തിലാണ് നടപടിയിൽ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Facebook post controversy; party will not take action against prathibha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here