ജനങ്ങൾക്ക് ഇരുട്ടടി; 143 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കുത്തനെ കൂടും

143 ഇനങ്ങളുടെ നികുതിനിരക്ക് കുത്തനെ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി ജിഎസ്ടി കൗൺസിൽ. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പടെയുള്ളവയുടെ നികുതിനിരക്ക് വർദ്ധിപ്പിക്കാനാണ് നീക്കം. ഇതിൽ 92 ശതമാനം ഇനങ്ങളുടെയും ജിഎസ്ടി നിരക്ക് 18ൽ നിന്ന് 28ശതമാനമായി ഉയരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പല സാധനങ്ങളുടെയും നികുതിനിരക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപുള്ള മാസങ്ങളിൽ കുറച്ചിരുന്നു.
32 ഇഞ്ചിൽ താഴെയുള്ള ടിവി, ചോക്കലേറ്റ്, വാൽനട്ട്, സെറാമിക് സിങ്ക്, വാഷ് ബേസിൻ, കൂളിങ് ഗ്ലാസ്, കണ്ണട ഫ്രെയിം, വസ്ത്രം, പട്ടം, പവർബാങ്ക്, ച്യൂയിങ് ഗം, ഹാൻഡ്ബാഗ്, വാച്ച്, സ്യൂട്ട്കേസ് , ലെതർ കൊണ്ടുള്ള ആക്സസറീസ്, നോൺ ആൽക്കഹോളിക് പാനീയങ്ങൾ എന്നിവയെല്ലാം 28 ശതമാനം ജിഎസ്ടി നിരക്കിലേക്ക് ഉയരുന്നവയിൽ ഉൾപ്പെടും. 2017ലും 2018ലുമാണ് ഇവയിൽ പലതിന്റെയും ജിഎസ്ടി നിരക്ക് കുറച്ചത്.
Read Also : സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യത കുറയ്ക്കാന്‍ ജിഎസ്ടി നിരക്ക് ഉയര്‍ത്തുമെന്ന പ്രചാരണം തള്ളി കേന്ദ്രം
ചോക്കലേറ്റ്, കോഫി എക്സ്ട്രാക്റ്റ് , പ്ലൈവുഡ്, വാഷ്ബേസിൻ, ജനലുകൾ, ഇലക്ട്രിക് സ്വിച്ച്, സോക്കറ്റ്, ബാഗുകൾ, വാച്ച്, ലെതർ ഉൽപ്പന്നങ്ങൾ, റേസർ, പെർഫ്യൂം, ലോഷൻ, കൊക്കോപൗഡർ തുടങ്ങിയവയ്ക്ക് നിലവിൽ 18 ശതമാനമാണ് നികുതി നിരക്ക്. ഇവയെല്ലാം 28 ശതമാനമാവും. മരത്തിന്റെ മേശകൾ, അടുക്കള ഉപകരണങ്ങൾ എന്നിവയുടെ നികുതി 12ൽ നിന്ന് 18 ശതമാനമാക്കിയേക്കും. ഇവ വർദ്ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ശർക്കരയ്ക്കും പപ്പടത്തിനും 5 ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയേക്കും. ഇന്ധനവില വർദ്ധനവും വിലക്കയറ്റവും കൊണ്ട് നട്ടംതിരിയുന്ന ജനങ്ങളെ വീണ്ടും പിഴിയാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി.
Story Highlights: GST rates on 143 items will go up sharply
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here