താൻ മാറിയത് കേസന്വേഷണത്തെ ബാധിക്കില്ല; പ്രതികരിച്ച് എഡിജിപി എസ് ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണച്ചുമതലയിൽ നിന്ന് താൻ മാറിയത് അന്വേഷണത്തെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. തന്റെ പേരിലുള്ള വിവാദം അനാവശ്യമാണ്. മാധ്യമങ്ങൾക്കു മുൻപിൽ എത്തിയ മുഖം മാത്രമാണ് താൻ. അന്വേഷണ സംഘം ഒരുമിച്ചാണ് ഇതെല്ലാം കണ്ടെത്തിയത്. താൻ മാത്രമായി ചെയ്ത ഒരു കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. (actress attack adgp sreejith)
ഇവിടെ വ്യക്തിക്ക് പ്രസക്തിയില്ല എന്ന് എഡിജിപി ശ്രീജിത്ത് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തെ തന്റെ മാറ്റം ബാധിക്കില്ല. നന്നായി തന്നെ അന്വേഷണം മുന്നോട്ട് പോകും. നേതൃത്വം നൽകിയ ആൾ മാറിയാൽ അന്വേഷണം നിലയ്ക്കില്ല. അനാവശ്യ വിവാദം അവസാനിപ്പിക്കണം. കേസിൽ അന്വേഷണ സംഘത്തിനെതിരെ വലിയ വിമർശനങ്ങൾ നേരത്തെ വന്നിരുന്നു. അതൊന്നും അന്വേഷണത്തെ ബാധിക്കില്ല. കേസിനെ കുറിച്ച് കൂടുതൽ പ്രതികരണത്തിനില്ല എന്നും അദ്ദേഹം വിശദീകരിച്ചു.
Read Also : ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ സ്ഥലംമാറ്റത്തിൽ ദുരൂഹതയെന്ന് കെ. അജിത
ഡബ്ല്യുസിസിയുടെ ആരോപണത്തിൽ പ്രതികരണത്തിനില്ല. തന്റെ മാറ്റത്തിന് പിന്നിൽ പ്രേരണയോ സമ്മർദ്ദമോ ഇല്ല. നന്നായി കാര്യങ്ങൾ ചെയ്യാനാകുന്നവരാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. ഷെയ്ഖ് ദർവേശ് സാഹിബ് നല്ല ഉദ്യോഗസ്ഥനാണ്. ദിലീപിന്റെ അഭിഭാഷകർക്ക് പരാതി നൽകാൻ അവകാശമുണ്ട്. അന്വേഷണ സംഘത്തിനെതിരെ പരാതി നൽകാൻ പ്രതികൾക്കും അവകാശമുണ്ട്. അത് നോക്കാനും പരിഹരിക്കാനും സർക്കാരിന് അവകാശമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ സത്യം കണ്ടെത്തുകയാണ് ലക്ഷ്യം. ഒരു കേസിലും അന്വേഷണ സംഘത്തിന്റെ വിജയമെന്നോ പരാജയമെന്നോ ഇല്ല. തെറ്റ് ചെയ്തവർ നിയമത്തിന് മുന്നിൽ വരട്ടെ. തന്റെ മാറ്റത്തിൽ നടിക്കും ഡബ്ല്യുസിസിക്കുമുള്ള എല്ലാ ആശങ്കയും ദൂരീകരിക്കപ്പെടും എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്‌പോർട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാർ ജയിൽ മേധാവിയാകും. എസ് ശ്രീജിത്തിനെ ട്രാൻസ്‌പോർട്ട് കമ്മീഷണറായി നിയമിച്ചു. ജയിൽ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ഖ് ദർവേശ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ട്രാൻസ്‌പോർട് കമ്മീഷണറായിരുന്ന എം ആർ അജിത് കുമാർ വിജിലൻസ് മേധാവിയാകും. എഡിജിപി ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
Story Highlights: actress attack case adgp sreejith pree meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here