സുബൈര്‍ വധക്കേസ്; മൂന്ന് പ്രതികളെ ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞതായി പൊലീസ്

പാലക്കാട്ട് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞെന്ന് പൊലീസ്. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. സുബൈറിന്റെ പിതാവും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു സുബൈറിന്റെ കൊലപാതകത്തിലൂടെ എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. കോഴയാറിലെ ചെളിയില്‍ പൂഴ്ത്തിവച്ച നിലയില്‍ സുബൈറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാളുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ചാണ് പ്രതികള്‍ സുബൈറിനെ ഇടിച്ചുവീഴ്ത്തിയത്. തുടര്‍ന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രമേശ് വാടകയ്‌ക്കെടുത്ത കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഈ കാറാണ് പിന്നീട് കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. കാര്‍ വഴിയില്‍ ഉപേക്ഷിച്ച ശേഷം ദേശീയപാതക്കരികില്‍ കൂടി മൂന്നുപേര്‍ നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതിനിടെ പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികളെ പൊലീസ് നാളെ തെളിവെടുപ്പിനെത്തിക്കും. കേസില്‍ 13 പേരാണ് ഇതുവരെ പിടിയിലായത്.മുഖ്യസൂത്രധാരന്‍ അടക്കം ഇനി അന്വേഷണസംഘത്തിന്റെ പിടിയിലാകാനുണ്ട്. അറസ്റ്റിലായ അബ്ദുറഹ്മാന്‍, ഫിറോസ്,ബാസിത്, റിഷില്‍ എന്നിവരെയാണ് തെളിവെടുപ്പിനെത്തിക്കുക.
Story Highlights: subair murder suspects were identified by eyewitnesses

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here