സില്‍വര്‍ലൈന്‍ ബദല്‍ സംവാദം: മുഖ്യമന്ത്രിയെ ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി

സില്‍വര്‍ലൈന്‍ ബദല്‍ സംവാദത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി. സംവാദത്തിലേക്ക് ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി മുഖ്യമന്ത്രിക്ക് കത്തയച്ചു. മെയ് നാലിന് നടക്കുന്ന സംവാദത്തിലേക്കാണ് ക്ഷണം. സ്ഥലവും സമയവും പിന്നീട് അറിയിക്കാമെന്നാണ് കത്തില്‍ പറയുന്നത്. കെ റെയിലിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടന്ന ചര്‍ച്ച ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ജനകീയ പ്രതിരോധ സമിതി ബദല്‍ സംവാദം നടത്തുന്നത്. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള തട്ടിക്കൂട്ട് സംവാദമാണ് ഇന്ന് നടന്നതെന്നാണ് പ്രതിപക്ഷ വിമര്‍ശനം. (cm pinarayi vijayan invited for counter debate on silverline)
വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനുമാണ് എന്ന പേരിലാണ് ഇന്ന് കെ റെയില്‍ സംവാദം സംഘടിപ്പിച്ചത്. നിഷ്പക്ഷ ചര്‍ച്ചക്ക് വേദിയൊരുക്കുന്നു എന്നായിരുന്നു കെ റെയിലിന്റെ അവകാശവാദം. എന്നാല്‍, ആദ്യം ക്ഷണിച്ച ജോസഫ് സി മാത്യുവിനെ വിമര്‍ശകരുടെ പാനലില്‍ നിന്ന് പിന്നീട് ഒഴിവാക്കിയത് വിവാദമായി. ചര്‍ച്ച നടത്തേണ്ടത് കെ റെയില്‍ അല്ല, സര്‍ക്കാരാണെന്ന നിലപാടുയര്‍ത്തി അലോക് വര്‍മയും രംഗത്ത് എത്തിയതോടെ അവസാന മണിക്കൂറില്‍ അനിശ്ചിതത്വമായി. സംവാദത്തിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുന്നയിച്ച് അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറിയതോടെ സംവാദം അടിമുടി വിവാദത്തിലും അനിശ്ചിതത്വത്തിലുമായി. എന്നാല്‍ പ്രതിഷേധങ്ങള്‍ മറികടന്നു പദ്ധതിയുമായി മുന്നോട്ട് പോകുന്ന കെ റെയില്‍, സംവാദത്തിന്റെ കാര്യത്തിലും വിമര്‍ശനങ്ങള്‍ മുഖവിലക്ക് എടുക്കാതെ മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. വിരമിച്ച റെയില്‍വേ ബോര്‍ഡ് മെമ്പര്‍ സുബോധ് കുമാര്‍ ജയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വിസി ഡോ. കുഞ്ചെറിയ പി ഐസക്, എസ് എന്‍ രഘു ചന്ദ്രന്‍ നായര്‍ തുടങ്ങി മൂന്നു പേരാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ആര്‍ വി ജി മേനോന്‍ മാത്രമാണ് എതിര്‍ക്കുന്നവരുടെ പാനലില്‍ ഉണ്ടായിരുന്നത്.
സില്‍വര്‍ലൈനിന് പകരം പാതയിരട്ടിപ്പിക്കലും, റെയില്‍വേ വികസനവുമാണ് വേണ്ടതെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു. കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആര്‍വിജി മേനോന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ സംവാദത്തിലായിരുന്നു ആര്‍വിജി മേനോന്റെ പരാമര്‍ശം. റെയില്‍ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു.
Story Highlights: cm pinarayi vijayan invited for counter debate on silverline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here