വനിതാ ടി-20 ട്രോഫി; ക്വാർട്ടറിൽ വീണ് കേരളം; തകർപ്പൻ ജയത്തോടെ റെയിൽവേസ് സെമിയിൽ

വനിതാ സീനിയർ ടി-20 ട്രോഫിയിൽ കേരളം ക്വാർട്ടറിൽ പുറത്ത്. കരുത്തരായ റെയിൽവേസ് ആണ് റൺസിന് കേരളത്തെ കീഴടക്കിയത്. 71 റൺസിനായിരുന്നു റെയിൽവേസിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 95 റൺസെടുക്കാനേ സാധിച്ചുള്ളൂ. റെയിൽവേസിനായി ഡയലൻ ഹേമലത 37 പന്തുകളിൽ 64 റൺസെടുത്ത് ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ സ്നേഹ് റാണ 21 പന്തുകളിൽ 39 റൺസെടുത്ത് പുറത്താവാതെ നിന്നു. (womens kerala lost railways)
മെല്ലെയാണ് റെയിൽവേസ് ആരംഭിച്ചത്. കേരളത്തിൻ്റെ ഓപ്പണിംഗ് ബൗളർമാരായ മൃദുല വിഎസും നിത്യ ലൂർദും കൃത്യതോടെ പന്തെറിഞ്ഞപ്പോൾ ആദ്യ 8 ഓവറിൽ പിറന്നത് വെറും 43 റൺസ്. ഇതിനിടെ സ്വാഗതിക റാത്ത് (22) റണ്ണൗട്ടാവുകയും സബ്ബിനേനി മേഘനയെ (18) നിത്യ ലൂർദ് പുറത്താക്കുകയും ചെയ്തു. കേരള ടീമിനായി നിത്യയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. ആശ എസ് (5) മിന്നു മണിക്ക് മുന്നിൽ വീണതോടെ റെയിൽവേസ് പതറി.
Read Also : വനിതാ ടി-20 ചലഞ്ച് അടുത്ത മാസം നടക്കുമെന്ന് ബിസിസിഐ
എന്നാൽ മൂന്നാം നമ്പറിലെത്തിയ ഡയലൻ ഹേമലതയും അഞ്ചാം നമ്പറിലെത്തിയ സ്നേഹ് റാണയും ഫോമിലേക്കുയർന്നതോടെ റെയിൽവേസ് കുതിച്ചു. കേരള ബൗളർമാരെ അനായാസം നേരിട്ട സഖ്യം നാലാം വിക്കറ്റിൽ 63 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിനിടെ ഹേമലത ഫിഫ്റ്റിയും തികച്ചു. താരത്തെ ഒടുവിൽ ദർശന മോഹനൻ സ്വന്തം ബൗളിംഗിൽ പിടികൂടി. മോന (1), കെ അഞ്ജലി സർവാനി (5) എന്നിവരൊക്കെ വേഗം പുറത്തായെങ്കിലും സ്നേഹ് റാണയുടെ തകർപ്പൻ ഇന്നിംഗ്സ് റെയിൽവേസിന് മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ തുടക്കം മുതൽ പതറിയ കേരളത്തിന് ഒരിക്കൽ പോലും റെയിൽവേസിന് വെല്ലുവിളി ഉയർത്താനായില്ല. അക്ഷയ എ (1), ജിൻസി ജോർജ് (7), മിന്നു മണി (5) എന്നിവരൊക്കെ വേഗം മടങ്ങി. ദൃശ്യ ഐവി (20), സജന എസ് (25), മൃദുല വിഎസ് (20) എന്നിവരാണ് കേരളത്തിനു വേണ്ടി തിളങ്ങിയത്. റെയിൽവേസിനായി ആശ എസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Story Highlights: womens t 20 trophy kerala lost railways
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here