Advertisement

ഐപിഎൽ: ഇന്ന് രണ്ട് മത്സരങ്ങൾ; ഡൽഹി ലക്നൗവിനെയും ചെന്നൈ ഹൈദരാബാദിനെയും നേരിടും

May 1, 2022
Google News 1 minute Read

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകിട്ട് 3.30ന് ഡൽഹി ക്യാപിറ്റൽസ് ലക്നൗ സൂപ്പർ ജയൻ്റ്സിനെയും രാത്രി 7.30ന് ചെന്നൈ സൂപ്പർ കിംഗ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനെയും നേരിടും. യഥാക്രമം വാംഖഡെ സ്റ്റേഡിയം, പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ എന്നിവിടങ്ങളിലാണ് മത്സരം.

പോയിൻ്റ് പട്ടികയിൽ മൂന്നാമതുള്ള ലക്നൗവും ആറാമതുള്ള ഡൽഹിയും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ ഡൽഹിക്ക് തന്നെയാണ് സമ്മർദ്ദം. 8 മത്സരങ്ങളിൽ 4 വീതം മത്സരങ്ങളിൽ വിജയവും പരാജയവും കുറിച്ച ഡൽഹിയ്ക്ക് ഇന്ന് വിജയിച്ചെങ്കിൽ മാത്രമേ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ സാധിക്കൂ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒരു മികച്ച ജയം നേടിയാണ് ഡൽഹി എത്തുന്നത്. കളിയിൽ ഏറെക്കുറെ ഒരു പെർഫക്ട് ഗെയിം കാഴ്ചവച്ചത് ഡൽഹിക്ക് വലിയ ആത്മവിശ്വാസം നൽകും. ഓപ്പണർമാരുടെ ഫോമും കുൽദീപ് യാദവും സുപ്രധാന ഘടകങ്ങളാകുമ്പോൾ റോവ്മൻ പവലിൻ്റെ ഫിനിസിംഗ് മികവ്, അക്സർ പട്ടേൽ, മുസ്തഫിസുർ റഹ്മാൻ തുടങ്ങിയ താരങ്ങളുടെ മികച്ച പ്രകടനങ്ങൾ എന്നിവയൊക്കെ ഡൽഹിയുടെ പോസിറ്റീവ് കാര്യങ്ങളാണ്. പരുക്ക് മാറിയെത്തുന്ന ഖലീൽ അഹ്മദ് തിരികെയെത്തിയാൽ ചേതൻ സക്കരിയ പുറത്തിരിക്കും.

ലക്നൗവിനെ പരിഗണിക്കുമ്പോൾ തുടരെ രണ്ട് വിജയങ്ങളുമായി തകർപ്പൻ ഫോമിലാണ്. ബാറ്റിംഗ് ഡെപ്ത് കൃത്യമായി ഉപയോഗിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഡൽഹിക്കയൈ ടോപ്പ് ഓർഡറിൽ മികച്ച പ്രകടനം നടത്തിയ സ്റ്റോയിനിസ് മധ്യനിരയിലാണ് കളിക്കുന്നത്. എങ്കിലും നീണ്ട ബാറ്റിംഗ് ഓർഡർ ലക്നൗവിനു കരുത്താണ്. ആരെങ്കിലുമൊക്കെ കളിക്കും. ആവേശ് ഖാനു പകരക്കാരനായി എത്തിയ മൊഹ്‌സിൻ ഖാൻ അതിഗംഭീരമായാണ് പന്തെറിയുന്നത്. ദുഷ്മന്ത ചമീര, കൃണാൽ പാണ്ഡ്യ എന്നിവരും ബൗളിംഗിൽ തകർത്തെറിയുന്നു. ടീമിൽ മാറ്റമുണ്ടാവില്ല.

ചെന്നൈ സൂപ്പർ കിംഗ്സ് പോയിൻ്റ് പട്ടികയിൽ 9ആം സ്ഥാനത്താണ്. സീസണിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രവീന്ദ്ര ജഡേജയ്ക്ക് പകരം ധോണി തന്നെ ഇന്ന് മുതൽ വീണ്ടും ചെന്നൈയെ നയിക്കും. പഞ്ചാബിനെതിരെ പരാജയപ്പെട്ട് എത്തുന്ന ചെന്നൈ ഏറെക്കുറെ പ്ലേ ഓഫിൽ നിന്ന് പുറത്തായെങ്കിലും ധോണി മാജിക്ക് സംഭവിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്. മോശമല്ലാത്ത ടീമും ചെന്നൈക്കുണ്ട്. എട്ടാം നമ്പർ വരെ നീളുന്ന, മികച്ച ബാറ്റിംഗ് നിര. തരക്കേടില്ലാത്ത ബൗളിംഗ് നിര. താരങ്ങൾ ഫോമിലെത്തിയാൽ ചെന്നൈക്ക് ഏത് ടീമിനെയും തോല്പിക്കാൻ കരുത്തുണ്ട്. ടീമിൽ മാറ്റങ്ങളുണ്ടായേക്കില്ല.

ലേലത്തിനു ശേഷം ഏറെ കുത്തുവാക്കുകൾ കേട്ട്, അതിനെ ശരിവച്ച് ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട സൺറൈസേഴ്സ് അതിഗംഭീര തിരിച്ചുവരവാണ് നടത്തിയത്. തുടരെ അഞ്ച് മത്സരങ്ങൾ വിജയിച്ച അവർ പ്ലേ ഓഫ് സാധ്യതകൾ ശക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഗുജറാത്തിനോട് പരാജയപ്പെട്ടെങ്കിലും ഹൈദരാബാദ് തകർപ്പൻ ഫോമിൽ തന്നെയാണ്. ഓപ്പണിംഗിൽ അഭിഷേക് ശർമ്മയുടെ ഫോമും രാഹുൽ ത്രിപാഠി, എയ്ഡൻ മാർക്രം എന്നിവരുമാണ് ഹൈദരാബാദിൻ്റെ മികച്ച ബാറ്റർമാർ. എന്നാൽ, ബൗളിംഗാണ് ഹൈദരാബാദിൻ്റെ കില്ലർ ഫോം. ഭുവനേശ്വർ കുമാർ, ടി നടരാജൻ, മാർക്കോ ജാൻസൻ എന്നിവർക്കൊപ്പം എക്സ്പ്രസ് പേസുമായി ഉമ്രാൻ മാലിക്ക് കൂടി ചേരുമ്പോൾ അത് എതിരാളികൾക്ക് താങ്ങാൻ കഴിയാത്ത പേസ് അറ്റാക്കാവുന്നു. ഇതേ ടീം തന്നെ ഹൈദരാബാദ് തുടർന്നേക്കും.

Story Highlights: ipl 2022 lsg csk srh csk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here