Advertisement

താനിരുന്നില്ലെങ്കിൽ താനിരിക്കേണ്ടിടത്ത് ആരിരിക്കും? വി മുരളീധരനെ പരിഹസിച്ച് ജലീല്‍

May 1, 2022
Google News 1 minute Read

കേന്ദ്രമന്ത്രി വി മുരളീധരനെ പരിഹസിച്ച് മുൻ മന്ത്രി കെ ടി ജലീൽ എംഎല്‍എ. താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ താനിരിക്കേണ്ടിടത്ത് ആരിരിക്കുമെന്നും, ഇളിഭ്യനായി പോകേണ്ടിവരുമെന്നും ജലീല്‍ പരിസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്‍റെ പ്രതികരണം. നേരത്തെ വിദ്വേഷ പ്രസം​ഗത്തിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്;
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ താനിരിക്കേണ്ടിടത്ത് ആരിരിക്കും?
വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം നിലനിർത്താൻ ബാദ്ധ്യതപ്പെട്ട കേന്ദ്ര സർക്കാറിൻ്റെ പ്രതിനിധി മന്ത്രി വി മുരളീധരൻ നാട്ടിൽ കലാപം ലക്ഷ്യം വെച്ച് വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജ്ജിനെ കാണാൻ തിരുവനന്തപുരം എ.ആർ ക്യാമ്പിൽ എത്തിയ സംഭവം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്.
ബി.ജെ.പി-പി.സി ജോർജ് കൂട്ട് കെട്ട് ആലോചിച്ചെടുത്ത തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ തന്നെയാവണം തിരുവനന്തപുരം ജില്ലാ ഹിന്ദു മഹാസഭയുടെ സമ്മേളനത്തിൽ പി.സി പങ്കെടുത്തതും പ്രസംഗിച്ചതും. ബി.ജെ.പി നേതാക്കളുടെ പ്രതികരണത്തിൽ നിന്ന് അതാണ് വ്യക്തമാകുന്നത്.

മുസ്ലിം യൂത്ത് ലീഗിൻ്റെ പരാതിയെ തുടർന്നാണ് ജോർജിൻ്റെ അറസ്റ്റെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ യൂത്ത് ലീഗ് നേതാക്കൾ പെരുമ്പറയടിക്കുന്നു. അതേറ്റെടുത്ത് മത ധ്രുവീകരണം ലാക്കാക്കി ബി.ജെ.പി രംഗത്ത് വരുന്നു. പി.സി ജോർജിനെതിരെ പോലീസ് കേസെടുത്തത് ഒരാളുടെ പരാതിയിലുമല്ല. സ്വമേധയാലാണ്. പി.സിയെ ഒരു മുസ്ലിം സംഘടന നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്തു എന്ന് വരുത്തിത്തീർക്കാനാണ് സംഘ് പരിവാറിൻ്റെ ശ്രമം. സോഷ്യൽ മീഡിയയിൽ എട്ട്കാലി മമ്മൂഞ്ഞി ചമഞ്ഞ് അതിന് ഇന്ധനം പകരാൻ കുറേ ലീഗ് സൈബർ വിവരദോഷികളും.

പി.സിയുടെ അറസ്റ്റ് ആഘോഷമാക്കേണ്ട എന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് ഉപദേശിക്കേണ്ടത് മാലോകരെയല്ല. അന്തവും കുന്തവും തിരിയാത്ത യൂത്ത് ലീഗുകാരെയാണ്. കേന്ദ്ര മന്ത്രി ഇരിക്കേണ്ടിടത്ത് കേന്ദ്രമന്ത്രി ഇരുന്നില്ലെങ്കിൽ അവിടെ ആര് കയറിയിരിക്കും എന്ന് എ.ആർ ക്യാമ്പിലേക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട് ഇളിമ്പ്യനും പരിഹാസ്യനും പ്രകോപിതനുമായി വി മുരളീധരൻ മടങ്ങിയപ്പോൾ ജനങ്ങൾക്ക് മനസ്സിലായിക്കാണും.

പിണറായിക്കാലത്ത് മാത്രം സംഭവിക്കുന്നതാണ് ഇന്ന് കേരളം കണ്ടത്. ഇരട്ടച്ചങ്കനെന്ന് വെറുതെയല്ല അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. തൊഗാഡിയക്കെതിരെയുള്ള കേസ് പിൻവലിച്ചവർക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത നടപടിയാണ് പിണറായി സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വർഗീയ വിദ്വേഷം പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഇതൊരു പാഠമാണ്. മൈക്ക് കിട്ടിയാൽ എന്തും വിളിച്ച് കൂകുന്നവർ ജാഗ്രതൈ.

Story Highlights: kt jaleel facebook post against v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here