Advertisement

തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിർണയ ചര്‍ച്ച ഇന്ന്

May 3, 2022
Google News 1 minute Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കെപിസിസി അധ്യഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ , മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ അതിവേഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയ്ക്ക് തുടക്കമാകുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം വിഡി സതീശന്‍ അറിയിച്ചിരുന്നു. എഐസിസിയുടെയും യുഡിഎഫ് ഘടകകക്ഷികളുടെയും സമ്മതത്തോടെ ഉടന്‍ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം നേടും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നാളെ തിരുവനന്തപുരത്ത് പ്രധാനപ്പെട്ട നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ റെയില്‍ മുഖ്യ വിഷയമാക്കിയാവും പ്രചരണം നടത്തുകയെന്നും വിഡി സതീശന്‍ ഇന്നലെ എറണാകുളത്ത് പറഞ്ഞു.

Read Also : ഉമ തോമസിനെ ഉറപ്പിക്കുമോ? യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നാളെ

ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ഏത് സമയത്തും കോണ്‍ഗ്രസും യുഡിഎഫും സജ്ജമാണ്. നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ട പരിപാടികള്‍ക്ക് തുടക്കം കുറിക്കും. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനം കോണ്‍ഗ്രസിനും യുഡിഎഫിനും മണ്ഡലത്തിലുണ്ട്. പിടി തോമസ് വിജയിച്ചതിനേക്കാള്‍ ഉജ്ജ്വലമായ ഭൂരിപക്ഷത്തില്‍ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയ വിചാരണയ്ക്ക് വിധേയമാക്കും. തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം യുഡിഎഫ് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ ആശയങ്ങളും ജനങ്ങളിലേക്കെത്തിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Story Highlights: Thrikkakara by-election Congress candidate selection discussion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here