‘പിന്നെ ചായക്കോപ്പയില്‍ ബിയര്‍ കുടിക്കുന്നത് പോലുള്ള ഇരട്ടത്താപ്പ് കാണിക്കണോ?’; രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ച് തൃണമൂല്‍ എം പി

രാഹുല്‍ ഗാന്ധിയുടെ വിവാഹ പാര്‍ട്ടി വിഡിയോ ഉയര്‍ത്തിക്കാട്ടി പരിഹസിച്ച ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മൊഹുവ മൊയ്ത്ര. ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് ചൂഴ്ന്ന് നോക്കി വിമര്‍ശിക്കുന്ന ബിജെപിയുടെ രോഗാതുരമായ സമീപനമാണ് വിവാദം വെളിച്ചത്ത് കൊണ്ടുവരുന്നതെന്ന് മൊഹുവ സൂചിപ്പിച്ചു. ഒരാള്‍ അയാളുടെ സ്വകാര്യവും വ്യക്തിപരവുമായി നിമിഷങ്ങള്‍ വിവാഹ പാര്‍ട്ടിയിലോ നിശാ ക്ലബിലോ ചെലവഴിക്കുന്നതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ലെന്നും അത് മറ്റാരുടേയും ബിസിനസല്ലെന്നും മൊഹുവ മൊയ്ത്ര ട്വീറ്റിലൂടെ കുറ്റപ്പെടുത്തി. (Mahua Moitra on Rahul Gandhi’s nightclub video)
രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബിജെപി നടത്തുന്ന സൈബര്‍ ആക്രമണത്തെ പ്രതിരോധിച്ചുകൊണ്ടായിരുന്നു മൊഹുവ മൊയ്ത്രയുടെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ ട്രോളാക്കി ചിരിക്കുന്ന ബിജെപിക്കാര്‍ ചായകോപ്പയില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്ന തരം ഇരട്ടത്താപ്പാണോ സ്വന്തം ജീവിതത്തില്‍ പാലിക്കാറുള്ളതെന്നും തൃണമൂല്‍ എംപി ചോദിച്ചു. ഒരാള്‍ സ്വകാര്യ ജീവിതത്തില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം ആര്‍ക്കുമില്ലെന്നും ഇവര്‍ ആഞ്ഞടിച്ചു.
നേപ്പാളില്‍ ഒരു വിവാഹ പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് ബിജെപി കടുത്ത പരിഹാസമുയര്‍ത്തിയിരുന്നു. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് മൊഹുവ മൊയ്ത്രയുടെ പ്രതികരണം.
Story Highlights: Mahua Moitra on Rahul Gandhi’s nightclub video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here