സ്വയം കഴുത്ത് ഞെരിച്ചേക്കാം; കൈ നിയന്ത്രിക്കാൻ കഴിയില്ല; അപൂർവരോഗത്തെ കുറിച്ചറിയാം

നമ്മുടെ ഇഷ്ടത്തിനൊത്താണ് കൈകൾ ചലിപ്പിക്കുന്നത്. എന്നാൽ നാം ചിന്തിക്കാതെ നമ്മുടെ കൈകൾ ചലിച്ചാലോ? അതും അനിയന്ത്രിതമായി. അത്തരത്തിലൊരു അപൂർവരോഗമാണ് ഏലിയൻ ഹാൻഡ് സിൻഡ്രോം. മനുഷ്യശരീരത്തിലെ അതിവിചിത്രമായ ഒരവസ്ഥയാണണിത്. ഒരു നിശ്ചിത സമയത്തേക്ക് നമ്മുടെ ഇഷ്ടത്തിന് വിപരീതമായി നമ്മുടെ സ്വന്തം കൈ ചലിക്കുന്നു. അതാണ് ഏലിയൻ ഹാൻഡ് സിൻഡ്രോം എന്ന് അറിയപ്പെടുന്നത്. ഈ രോഗാവസ്ഥ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ കൈ എന്ത് ചെയ്യുമെന്നോ എങ്ങനെ പ്രവർത്തിക്കുമെന്നോ നിങ്ങൾക്ക് ഊഹിക്കാൻ പോലുമാകില്ല ( about alien hand syndrome ).
കൈയിലേക്കുള്ള സിഗ്‌നലുകളെ തകരാറിലാക്കുന്നു
1909-ലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിക്കപ്പെടുന്നത്. തലച്ചോറിൽ നിന്ന് കൈയിലേക്കുള്ള സിഗ്‌നലുകളെ തകരാറിലാക്കുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണിതെന്ന് ആരോഗ്യ വിദഗ്ധർ കണ്ടെത്തി. ഈ രോഗം പിടിപ്പെട്ടാൽ നിങ്ങളുടെ കൈയുടെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. പലപ്പോഴും നിങ്ങൾക്കോ ചുറ്റുള്ളവർക്കോ പരിക്കേൽപ്പിക്കുന്ന അവസ്ഥയിലൂടെ വരെ നിങ്ങളുടെ കൈ പ്രവർത്തിച്ചേക്കാമെന്നതാണ് ഈ രോഗാവസ്ഥയെ ഗുരുതരമാക്കുന്നത്. ഈ രോഗത്തിന് മറ്റൊരു പേര് കൂടിയുണ്ട് ഡോ. സ്‌ട്രേഞ്ച്‌ലവ് സിൻഡ്രോം എന്നാണത്.
രോഗനിർണയം പോലും നിസാരമായ കാര്യമല്ല
ഏലിയൻ ഹാൻഡ് സിൻഡ്രോം എന്ന രോഗനിർണയം പോലും നിസാരമായ കാര്യമല്ല. സമഗ്രമായ നിരീക്ഷണവും വിലയിരുത്തലും അതിന് ആവശ്യമാണ്. പലപ്പോഴും രോഗിക്ക് ഏലിയൻ ഹാൻഡ് സിൻഡ്രോം ആണെന്ന് മനസിലാക്കാൻ പറ്റാതെ പോകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഇതിനെ ഒരു മാനസികരോഗമായി കണക്കാക്കുന്നവരാണ് ഏറെയും. ന്യൂറോളജിക്കൽ തകരാറായി കണക്കാക്കാതെ ഇരിക്കുന്നത് പലപ്പോഴും രോഗികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്യുന്നത്.
രോഗം പിടിപ്പെടുന്നതെന്ന് ഇങ്ങനെ
സ്‌ട്രോക്ക് വരികയോ, ഏതെങ്കിലും തരത്തിലുള്ള ട്രോമകൾ ഉണ്ടാകുകയോ, ട്യൂമർ സംഭവിക്കുകയോ ചെയ്താൽ ആ രോഗിക്ക് ഏലിയൻ ഹാൻഡ് സിൻഡ്രോം വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചിലതരം ക്യാൻസറുകൾ, ന്യൂറോ-ഡിജെനറേറ്റീവ് രോഗങ്ങൾ, ബ്രയിൻ അന്യൂറിസം എന്നീ അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്കും രോഗം വന്നേക്കാം. നമ്മുടെ മസ്തിഷ്‌കം ശസ്ത്രക്രിയകൾക്ക് വിധേയമാകുമ്പോഴാണ് രോഗസാധ്യത ഉണ്ടാകുന്നത്. തലച്ചോറിലെ പാരീറ്റൽ കോർട്ടെക്‌സിൽ സംഭവിക്കുന്ന മുറിവുകളോ കേടുപാടുകളോ ആണ് ഈ വിചിത്ര പ്രതിഭാസത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.
മരുന്നോ മറ്റ് പ്രതിവിധികളോ കണ്ടുപിടിച്ചിട്ടില്ല
ഈ രോഗത്തിന് ഇതുവരെ മരുന്നോ മറ്റ് പ്രതിവിധികളോ കണ്ടുപിടിച്ചിട്ടില്ല. മിക്ക ഡോക്ടർമാരും രോഗലക്ഷണങ്ങളെയാണ് ചികിത്സിക്കാൻ ശ്രമിക്കുക. സ്‌ട്രോക്ക് മൂലമോ മറ്റേതെങ്കിലും മസ്തിഷ്‌ക രോഗത്തിന്റെ ഫലമായോ ആണ് ഈ പ്രശ്‌നം ഉണ്ടാകുകയാണെങ്കിൽ, രോഗമുക്തി സാധ്യമാണെന്നാണ് വിലയിരുത്തൽ. പക്ഷേ, ന്യൂറോ-ഡിജെനറേറ്റീവ് തകരാറുകൾ മൂലമാണെങ്കിൽ ചികിത്സ ലഭ്യമല്ല.
സാധാരണയായി, പേശികളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചികിത്സകൾ, ബിഹേവിയറൽ ടെക്‌നിക്കിസ്, ന്യൂറോ മസ്‌കുലർ ബ്ലോക്കിംഗ് എന്നിവയാണ് ഡോക്ടർമാർ പ്രയോഗിക്കുന്ന ചികിത്സാരീതികൾ. ഫിസിക്കൽ തെറാപ്പികൾ ഒരു പരിധിവരെ രോഗത്തെ മറികടക്കാൻ സഹായിക്കാറുമുണ്ട്.
Story Highlights: May strangle himself; The hand cannot be controlled; Learn about alien hand syndrome
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here