ടി.പി. ചന്ദ്രശേഖരൻ വധത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട്

സിപിഐഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ ടി.പി.ചന്ദ്രശേഖരൻ വധത്തിന് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുന്നു. ( tp chandra shekharan death anniversary )
2012 മേയ് 4, രാത്രി 10 മണി… സിപിഐഎം വിട്ട് റവല്യൂഷനറി മാർക്‌സിസ്റ്റ് പാർട്ടി രൂപീകരിച്ച ടി.പി.ചന്ദ്രശേഖരൻ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. കോഴിക്കോട് വടകര വള്ളിക്കാട് വച്ചാണ് കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുന്നത്. വെട്ടേറ്റ 51 മുറിവുകളാണ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നത്. ടി.പിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഒഞ്ചിയത്തെ വീട്ടിലെത്തിയ വിഎസ് അച്യുതാനന്ദൻ, ടിപിയെ ധീരനായ കമ്മ്യൂണിസ്റ്റെന്ന് വിശേഷിപ്പിച്ചാണ് രാഷ്ട്രീയ കൊലപാതകത്തോടുള്ള നിലപാട് വ്യക്തമാക്കിയത്.
കേരളം ഇന്നുവരെ കാണാത്ത അന്വേഷണം..
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കീഴിലുണ്ടായിരുന്ന ആഭ്യന്തര വകുപ്പ് പ്രത്യേക സംഘത്തെ തന്നെ അന്വേഷണത്തിനായി നിയോഗിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് പ്രതികളെ പിടികൂടി. കൊടി സുനിയും സംഘവുംഒളിച്ചിരുന്ന കണ്ണൂർ മുടക്കോഴി മലയിലും അന്വേഷണ സംഘമെത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ പിടിയിലായതോടെ അന്വേഷണം ഗൂഢാലോചനയിലേക്ക് നീങ്ങി.
ഇതോടെ ആരോപണ സ്ഥാനത്തുണ്ടായിരുന്ന സിപിഐഎം കൂടുതൽ പ്രതിസന്ധിയിലായി. രാഷ്ട്രീയ കൊലപാതക കേസുകളിൽ കേരളം ഇന്നേ വരെ കാണാത്ത രീതിയിൽ നടന്ന അന്വേഷണങ്ങൾക്കൊടുവിൽ 76 പേരാണ് കസ്റ്റഡിയിലായത്. സിപിഐഎം നേതാക്കളായ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ, കെ.കെ.രാഗേഷ് തുടങ്ങിയവരും പ്രതിപ്പട്ടികയിലുൾപ്പെട്ടു.
വിചാരണ..
ഇടക്കാല വിധിയിലൂടെ വിചാരണക്കോടതി കെ.കെ.രാഗേഷിനെ വെറുതെവിട്ടു.2014 ജനുവരി 22നാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പ്രസ്താവിച്ചത്. 11 പേരെ ജീവപര്യന്തം തടവിനും ഒരാളെ 3 വർഷം തടവിനും ശിക്ഷിച്ചു. പി.മോഹനനെ വെറുതെ വിടുകയും ചെയ്തു. സിപിഐഎം മുൻ പാനൂർ ഏരിയ കമ്മിറ്റിയംഗം പി.കെ.കുഞ്ഞനന്ദൻ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂൺ 11ന് മരിച്ചു. ഒരാൾ ശിക്ഷാ കാലാവധി കഴിഞ്ഞ് ജയിൽ വിട്ടു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൊടി സുനി ഒഴികെയുള്ള പ്രതികൾക്ക് പരോൾ നൽകിയിരുന്നു. ഈ പരോൾ നീട്ടണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി തള്ളിയത്. വിചാരണക്കോടതി വിധിക്കെതിരായ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. എന്നാൽ അന്നു പ്രതിഭാഗത്തായിരുന്നവരെല്ലാം ഇന്ന് കൂട്ടത്തോടെ സർക്കാരിന്റെ ഭാഗമായതോടെ കേസ് നടത്തിപ്പിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് ആർഎംപി.
വടകര മേഖലയിലെ ഏതാനും പഞ്ചായത്തുകളിൽ മാത്രം ഒതുങ്ങി നിന്ന ആർഎംപി എന്ന പാർട്ടി ടി.പി.വധത്തോടെ മറ്റിടങ്ങളിലേക്കും വളരാൻ ശ്രമം നടത്തി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ കെ.കെ.രമ വടകര പിടിച്ചെടുത്ത് എൽ ഡി എഫിന് തിരിച്ചടിയും നൽകി.
Story Highlights: tp chandra shekharan death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here