സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം

നടി മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം അനുവദിച്ചു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സനൽ കുമാറിൻ്റെ ഫോൺ പൊലീസ് കോടതിയിൽ ഹാജരാക്കി. ഇന്നലെയാണ് സനൽ കുമാർ അറസ്റ്റിലായത്.
നടി മൊഴി നൽകിയ കാര്യങ്ങളിലെ തെളിവുകൾ സനൽ കുമാറിൻ്റെ ഫോണിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. കേസിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തും.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതിയിലാണ് സനൽ കുമാറിനെ അറസ്റ്റ് ചെയ്തത്. എളമക്കര പൊലീസ് പാറശ്ശാലയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മഞ്ജു വാര്യർ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരൻ.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതിനൽകിയത് . പരാതിയിൽ എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനല്‍കുമാര്‍ പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു.
നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സനല്‍കുമാര്‍ കുറിച്ചു. ഈ സാഹചര്യത്തില്‍ മഞ്ജു ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ ആരോപിച്ചിരുന്നു.
Story Highlights: sanal kumar sasidharan bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here