‘എനിക്ക് പരുക്കില്ല, നിങ്ങൾ പറയുന്നത് തെറ്റ്’; രണ്ടാഴ്ച മുൻപ് ടൈമൽ മിൽസ് ചെയ്ത ട്വീറ്റ് വൈറൽ

മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലണ്ട് പേസർ ടൈമൽ മിൽസ് ഐപിഎലിൽ നിന്ന് പരുക്കേറ്റ് പുറത്തായത് ഇന്നലെയാണ്. മിൽസിനു പകരം ദക്ഷിണാഫ്രിക്കൻ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിരുന്നു. എന്നാൽ, മിൽസിനു ശരിക്കും പരുക്കാണോ എന്നാണ് ആരാധകരിൽ ചിലരുടെ സംശയം. രണ്ട് ആഴ്ചകൾക്കു മുൻപ് ടൈമൽ മിൽസ് ചെയ്ത ഒരു ട്വീറ്റാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ മാസം 21ന് ഡോ. ക്രിക് പോയിൻ്റ് എന്ന ട്വിറ്റർ ഹാൻഡിൽ പരുക്ക് കാരണം ടൈമൽ മിൽസ് ഐപിഎലിൽ നിന്ന് പുറത്തായേക്കും എന്ന് ട്വീറ്റ് ചെയ്തു. ഇതിന് മിൽസ് നൽകിയ മറുപടിയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ‘നിങ്ങൾക്ക് ഈ വിവരം എവിടെ നിന്ന് ലഭിച്ചു എന്ന് എനിക്കറിയില്ല. പക്ഷേ, നിങ്ങൾക്ക് തെറ്റി. എനിക്ക് ഒരു കുഴപ്പവുമില്ല. ദയവായി ഈ പോസ്റ്റ് നീക്കം ചെയ്യണം.”- മിൽസ് കുറിച്ചു. എന്നാൽ, കുറച്ച് സമയങ്ങൾക്ക് ശേഷം മിൽസ് ഈ ട്വീറ്റ് നീക്കം ചെയ്തു. ഇത് ദുരൂഹമാണെന്ന് ആരാധകർ പറയുന്നു.

കഴിഞ്ഞ മാസം 16ന് ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് ടൈമൽ മിൽസ് അവസാനമായി കളിച്ചത്. പിന്നീട് താരം മുംബൈക്കായി കളത്തിലിറങ്ങിയിട്ടില്ല.
Story Highlights: tymal mills tweet injury viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here