മോദി ഗുരുഭൂതൻ: ഹജ്ജ് ക്വാട്ട കൂട്ടാൻ യുഎഇ ഷെയ്ഖിനെ വിളിച്ചു: അബ്ദുള്ളക്കുട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യവിശ്വാസികൾക്ക് ഗുരുഭൂതനാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടി. ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വർധിപ്പിക്കാൻ പ്രധാനമന്ത്രി യുഎഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടു. നരേന്ദ്ര മോദി ഓരോ വിഷയത്തിലും ശരിയായ ഇടപെടുന്ന പ്രധാനമന്ത്രിയാണ്. മുസ്ലിം സമുദായത്തിലെ ഹജ്ജിൽ പോലും അദ്ദേഹം ഇടപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി പറഞ്ഞു.
ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ പങ്കെടുത്ത കോഴിക്കോട് നടന്ന ബിജെപി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ കാലത്ത് ഗുഡ് വിൽ ഡെലിഗേഷൻ എന്നുപറഞ്ഞ് ഒരു വിമാനം നിറയെ എം.എം.ഹസ്സനെ പോലുള്ള ആളുകളെ സർക്കാർ ചെലവിൽ ഏറ്റവും അവസാനത്തെ വിമാനത്തിൽ പോകും. എന്നിട്ട് ഏറ്റവും ആദ്യത്തെ വിമാനത്തിൽ തിരിച്ചുവരും. കോടിക്കണക്കിന് രൂപ ചെലവാക്കി കൊണ്ട് കോൺഗ്രസ് നടപ്പാക്കിയ ഹറാമായ ഹജ്ജ് അവസാനിപ്പിച്ച നേതാവാണ് നരേന്ദ്ര മോദിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സർക്കാരിന്റെ പണം കട്ടുമുടിച്ച് പോകുന്ന ഹജ്ജ് ഹലാലല്ല. അത് ഹറാമാണെന്ന് സത്യവിശ്വാസികളെ പഠിപ്പിച്ച ഗുരുഭൂതനാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ഇന്ത്യയിലെ ഹജ്ജ് ക്വാട്ട വർധിപ്പിക്കാൻ പ്രധാനമന്ത്രി യുഎഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടുവെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന പലരും ഏറ്റുപിടിച്ചു. പ്രസ്തവനയെ ചൊല്ലി ട്രോളുകളുകളും സജീവമാണ്. ‘സൗദിയിലെ മക്കയിൽ നടക്കുന്ന ഹജ്ജ് കർമ്മത്തിനു വേണ്ടി യുഎഇ ഷെയ്ഖിനെ വിളിച്ച് എണ്ണം കൂട്ടാൻ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ’ എന്ന് കോൺഗ്രസ് എംഎൽഎ ടി.സിദ്ദീഖ് പരിഹസിച്ചു.
Story Highlights: Modi Guru Bhutan: UAE calls on Sheikh to increase Haj quota: Abdullakutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here