Advertisement

ലിതാരയുടെ ആത്മഹത്യയ്ക്ക് തലേ ദിവസം സംഭവിച്ചതെന്ത് ? 24 Investigation

May 9, 2022
Google News 1 minute Read
what happened before lithara death

മലയാളിയായ ഇന്ത്യൻ ബാസ്‌കറ്റ് ബോൾ താരം കെ.സി ലിതാരയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ? മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ആവർത്തിച്ച് പറയുമ്പോൾ സംഭവത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. മരണത്തിലേക്കുള്ള വഴിയിൽ ലിതാര കടന്ന് പോയതും സംസാരിച്ചതും ആരോടൊക്കെയാണ് ? ലിതാരയുടെ ആത്മഹത്യയുടെ തലേന്ന് സംഭവിച്ചതെന്ത് ? ട്വന്റിഫോർ അന്വേഷണ പരമ്പര ആരംഭിക്കുന്നു ‘നീങ്ങുമോ ദുരൂഹത’.

കേരളത്തിലെ ബാസ്‌കറ്റ് ബോൾ കോർട്ടിൽ നിന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട് മികച്ച വിജയം കൈവരിച്ച് കളക്കത്തിലെ മികവുറ്റ താരമായി വളർന്ന ലിതാരയ്ക്ക് 23 വയസേ ഉണ്ടായിരുന്നുള്ളു. ഇന്ത്യൻ ടീമിൽ പോലും ഇടം നേടേണ്ടിയിരുന്ന പ്രതിഭ…. വിഷുവിന് നാട്ടിൽ വന്നപ്പോൾ ബാസ്‌ക്കറ്റ് ബോളിൽ പ്രാഥമിക പരിശീലനം നൽകിയ വട്ടോളി നാഷ്ണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ബാസ്‌കറ്റ് ബോൾ കോർട്ടിൽ പോയിരുന്നു ലിതാര. ഏപ്രിൽ 16 ന് കുടുംബത്തോട് യാത്ര പറഞ്ഞ് ബിഹാറിലേക്ക് തിരികെ പോയി. പിന്നീട് 12 ദിവസത്തിന് ശേഷം ചേതനയറ്റ ശരീരമായാണ് ലിതാര വീട്ടിലേക്ക് തിരിച്ചെത്തുന്നത്.

ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബാസ്‌ക്റ്റ് ബോൾ താരവും 2018 ലെ ദേശീയ ചാമ്പ്യൻമാരായ കേരളാ ബാസ്‌കറ്റ് ബോൾ ടീമിലെ അംഗവുമായിരുന്നു ലിതാര. 2022 ഏപ്രിൽ 26ന് ആത്മഹത്യ ചെയ്യുന്നതോടെയാണ് ലിതാര വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ബിഹാറിലെ ഗാന്ധി നഗറിലെ ഒറ്റമുറി ഫഌറ്റിലാണ് ലിതാരയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നാട്ടിൽ നിന്ന് ഏപ്രിൽ 18നാണ് ലിതാര പാട്‌നയിലെത്തുന്നത്. ഏപ്രിൽ 23ന് സുഹൃത്ത് സ്‌നേഹയെ കാണാൻ ലിതാര കൊൽക്കത്തിയിലേക്ക് പോയി. ലിതാര വലിയ സന്തോഷത്തിലായിരുന്നുവെന്ന് സുഹൃത്ത് ഓർമിക്കുന്നു. തുടർന്ന് ഏപ്രിൽ 24ന് ലിതാര തിരിച്ച് പാട്‌നയിലെത്തുന്നത്. ഏപ്രിൽ 25ന് ലിതാര ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു. അന്ന് കോച്ച് രവി സിംഗുമായി നടന്ന ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് പുറത്ത് വന്നിട്ടുണ്ട്. അന്ന് രവി സിംഗ് ലിതാരയ്‌ക്കെതിരായ പ്രതികാര നടപടിയിലേക്ക് കടന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

ഏപ്രിൽ 25ന് വൈകീട്ട് 5 മണിക്ക് അച്ഛൻ ലിതാരയെ ഫോണിൽ വിളിച്ചിരുന്നു. പക്ഷേ ആ കോൾ ലിതാര എടുത്തില്ല. കാരണം കോച്ച് വിളിപ്പിച്ച ശേഷം തിരികെ വന്ന ലിതാര കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. പിന്നീട് 5.45ന് തിരികെ വിളിച്ച് അച്ഛൻ ചോദിച്ച ചെക്കിന്റെ കാര്യം മാത്രം പറഞ്ഞ് ലിതാര ഫോൺ വച്ചു. ആറ് മണിയോടെ ചേച്ചിയുടെ ഭർത്താവ് ബിനീഷിനെ വിളിച്ചു. പതിവ് പ്രസരിപ്പില്ലാതെയാണ് സംസാരിച്ചത്. രാത്രി 8 മണിക്ക് അമ്മ വിളിച്ചപ്പോഴും പതിവിന് വിപരീതമായി അധികം സംസാരിച്ചിരുന്നില്ല.

രാത്രി എട്ട് മണിക്ക് ശേഷം ലിതാര സുഹൃത്തും ഭാവി വരനുമായ സ്വരാഗുമായി മാത്രമാണ് സംസാരിച്ചത്. പക്ഷേ സ്വരാഗിനോടും പിണങ്ങി അമർഷത്തോടെയാണ് ഫോൺ വച്ചത്. പിന്നീട് ലിതാര ആരുടേയും ഫോൺ എടുത്തിട്ടില്ല.

ഏപ്രിൽ 26ന് ലിതാരയെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ ഫഌറ്റിന്റെ വാതിൽ ചവിട്ടി തുറന്ന് അകത്ത് പ്രവേശിച്ചപ്പോൾ കണ്ടത് സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന ലിതാരയെയാണ്.

തൊട്ടുപിന്നാലെ നാട്ടിൽ അറിയിച്ചു. 1.40ന് ലിതാരയെ ആശുപത്രിയിലെത്തിച്ചു. 2.10 ആകുമ്പോഴേക്കും അതിവേഗം പോസ്റ്റുമോർട്ടം നടത്തി. കേസെടുക്കാതെ നാട്ടിലേക്ക് മൃതദേഹം കൊടുത്തുവിടാനാണ് പൊലീസ് ശ്രമിച്ചത്. എന്നാൽ അവിടെ എത്തിയ ലിതാരയുടെ അമ്മാവൻ പൊലീസിൽ പരാതി നൽകി. കോച്ചി രവി സിംഗിൽ നിന്ന് ലിതാരയ്ക്ക് അനുഭവിക്കേണ്ടി വന്ന മാനസിക-ശാരീരക പീഡനങ്ങളെ കുറിച്ച് പരാതിയിൽ കൃത്യമായി പറയുന്നുണ്ട്. തുടർന്ന് ഏപ്രിൽ 27ന് പൊലീസ് ഐപിസി 306 പ്രകാരം കേസെടുക്കുന്നു. ഇപ്പോൾ ബിഹാർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസെടുത്തിരിക്കുന്നത്.

അപ്പോഴും ഒരു വിടവ് ബാക്കിയാണ്. കോച്ച് രവി സിംഗ് എവിടെയാണ് ? എന്തുകൊണ്ടാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിട്ടും സാക്ഷിമൊഴിയുണ്ടായിട്ടും അന്വേഷണം രവി സിംഗിലേക്ക് എത്താത്തത് ? ട്വന്റിഫോർ അന്വേഷണ പരമ്പര തുടരും…

Story Highlights: what happened before lithara death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here