ഐപിഎൽ: പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്ന് ഗുജറാത്തും ലക്നൗവും നേർക്കുനേർ

ഐപിഎലിൽ ഇന്ന് ലക്നൗ സൂപ്പർ ജയൻ്റ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. 11 മത്സരങ്ങൾ വീതം കളിച്ച് 8 ജയവും 16 പോയിൻ്റുമുള്ള ടീമുകൾ പോയിൻ്റ് പട്ടികയിൽ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിലാണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരുവർക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം പ്ലേ ഓഫ് ഉറപ്പിക്കും. ആദ്യ പാദ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ലക്നൗവിനെ 5 വിക്കറ്റിനു കീഴടക്കിയിരുന്നു. (gujarat titans lucknow giants)
തുടരെ നാല് മത്സരങ്ങൾ വിജയിച്ചാണ് ലക്നൗവിൻ്റെ വരവ്. ഒന്നാം നമ്പർ മുതൽ 11ആം നമ്പർ വരെ മികച്ച താരങ്ങളുള്ള ലക്നൗവിന് മൊഹ്സിൻ ഖാൻ്റെ വരവ് ഇരട്ടി കരുത്തായി. ആവേശ് ഖാനു പരുക്കേറ്റതുകൊണ്ട് മാത്രം ടീമിലെത്തിയ മൊഹ്സിൻ 5 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകളാണ് നേടിയത്. എക്കോണമി 5.35. പവർ പ്ലേയിലും ഡെത്തിലും ഒരുപോലെ മികച്ച രീതിയിൽ പന്തെറിയുന്ന മൊഹ്സിൻ കഴിഞ്ഞ മത്സരങ്ങളിൽ ലക്നൗവിവിൻ്റെ പ്രകടനങ്ങളിൽ നിർണായക സ്വാധീനമാണ് ചെലുത്തിയത്. ബാറ്റിംഗിൽ ലോകേഷ് രാഹുൽ, ക്വിൻ്റൺ ഡികോക്ക്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ് തുടങ്ങിയ താരങ്ങളൊക്കെ മികച്ച ഫോമിലാണ്. ടീമിൽ മാറ്റമുണ്ടാവില്ല.
മറുവശത്ത് ഗുജറാത്ത് ആവട്ടെ, തുടരെ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാണ് ലക്നൗവിനെതിരെ ഇറങ്ങുക. അഞ്ച് മത്സരങ്ങൾ തുടർച്ചയായി ജയിച്ച് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന ഗുജറാത്തിന് പിന്നീട് കാലിടറുകയായിരുന്നു. അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ എന്നിവരുടെ ഫിനിഷിംഗ് മികവിലാണ് ഗുജറാത്ത് പല മത്സരങ്ങളും വിജയിച്ചത്. എന്നാൽ, ഇത് കഴിഞ്ഞ മത്സരങ്ങളിൽ ഫലപ്രദമായില്ല. ആദ്യ ചില മത്സരങ്ങളിലെ മികച്ച പ്രകടനത്തിനു ശേഷം ഹാർദ്ദിക് പാണ്ഡ്യ നിറം മങ്ങിയപ്പോൾ മൂന്നാം നമ്പറിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്താൻ സായ് സുദർശനു കഴിയുന്നില്ല. ഓപ്പണർമാരായ വൃദ്ധിമാൻ സാഹ, ശുഭ്മൻ ഗിൽ എന്നിവരാണ് ഗുജറാത്തിൻ്റെ പ്രധാന സ്കോറർമാർ. റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസൻ, അൽസാരി ജോസഫ് തുടങ്ങിയവർ അടങ്ങുന്ന ബൗളിംഗ് നിര അത്ര ഗംഭീര പ്രകടനങ്ങളല്ല നടത്തുന്നത്. സായ് സുദർശനു പകരം ഗുർകീരത് സിംഗ് മാനു സാധ്യതയുണ്ട്. അതല്ലെങ്കിൽ അഭിനവ് മനോഹർ ടീമിലെത്തിയേക്കും. അൽസാരി ജോസഫിനു പകരം ഡൊമിനിക് ഡ്രേക്സിനെയും പരീക്ഷിച്ചേക്കാം.
Story Highlights: gujarat titans lucknow super giants ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here