മൊഴി വിശ്വാസത്തിലെടുക്കാതെ ക്രൈംബ്രാഞ്ച്; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

നടിയെ ആക്രമിച്ച കേസിലെ തുടർ അന്വേഷണ ഭാഗമായി കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. രണ്ടു കേസിലും പങ്കില്ലെന്ന് കാവ്യ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. പക്ഷേ ഈ മൊഴി ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്. ( kavya madhavan interrogation again )
ആലുവയിലെ പത്മസരോവരം വീട്ടിൽ വെച്ച് നാലര മണിക്കൂർ ആണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകൾ എല്ലാം കാവ്യ നിഷേധിച്ചു. കേസിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ദിലീപിന്റെ സഹോദരി ഭർത്താവിന്റെ ശബ്ദരേഖ ക്രൈം ബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു ചോദ്യം ചെയ്യൽ.
ശബ്ദരേഖയിലെ ആരോപണം കാവ്യ ചോദ്യം ചെയ്യലിൽ തള്ളി. ഈ മൊഴി അന്വേഷണസംഘം പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. കേസിലെ നിർണായക വിവരങ്ങൾ കാവ്യക്കറിയാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തുടരന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന ഡിജിറ്റൽ തെളിവുകളുടെയും ദിലീപിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഉള്ള ചോദ്യങ്ങൾക്കും കാവ്യയോട് അന്വേഷണസംഘം ഉത്തരം തേടി.
ഉത്തരങ്ങളിൽ തൃപ്തി വരാത്തതുകൊണ്ട് തന്നെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം ഊർജിതമാക്കുകയാണ് ക്രൈംബ്രാഞ്ച്. എന്നാൽ ഇന്ന് ചോദ്യം ചെയ്യൽ ഉണ്ടാവില്ലെന്നാണ് സൂചന.
Story Highlights: kavya madhavan interrogation again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here