Advertisement

കെ സി ലിതാരയുടെ മരണം; കോച്ചിനെതിരായ ആരോപണത്തിലുറച്ച് കുടുംബം

May 12, 2022
Google News 2 minutes Read
lithara's family rising allegations against coach ravi singh

കോച്ചില്‍ നിന്നുള്ള പെരുമാറ്റം തന്നെയാണ് മകളുടെ മരണത്തിന് കാരണമെന്ന് ബാസ്‌കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ പിതാവ് ട്വന്റിഫോറിനോട്. അന്വേഷണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസില്‍ നിന്ന് ഇതുവരെ ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്നും പിതാവ് കരുണന്‍ പറഞ്ഞു.

‘ഞങ്ങളോട് പറഞ്ഞില്ലെങ്കിലും കോച്ചുമായുള്ള പ്രശ്‌നങ്ങള്‍ മകള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വീട്ടിലും അവിടുത്തെ പ്രശ്‌നങ്ങളൊന്നും പറഞ്ഞിട്ടില്ല. പക്ഷേ എപ്പോഴും സംസാരിക്കുമ്പോള്‍ സന്തോഷമായിരുന്നു. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് ഇപ്പോള്‍ കാര്യങ്ങളെല്ലാം അറിയുന്നത്. കരുണന്‍ പറഞ്ഞു.

ലിതാരയുടെ മരണത്തിന് കാരണം കോച്ചിന്റെ ഇടപെടലാണെന്ന് അയല്‍വാസി നിഷാന്തും പറഞ്ഞു. ‘ലിതാരയുടെ കൂടെ ജോലി ചെയ്യുന്നവരില്‍ പലരും ഞങ്ങളവിടെ പോയപ്പോള്‍ ഇക്കാര്യം പറഞ്ഞു. മാനസിക പീഡനം വല്ലാതെയുണ്ടായിരുന്നു. കളിസ്ഥലത്തടക്കം അയാള്‍ ലിതാരയെ ബുദ്ധിമുട്ടിച്ചു. വാട്‌സാപ്പ് മെസേജ് അയച്ചും പ്രയാസപ്പെടുത്തി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ബിഹാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പക്ഷേ പിന്നീട് പൊലീസില്‍ നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ട്വന്റിഫോര്‍ ഈ വാര്‍ത്ത ഏറ്റെടുത്തതോടെയാണ് നീതി കിട്ടുമെന്ന പ്രതീക്ഷയുണ്ടായത്’. നിഷാന്ത് പറഞ്ഞു.

ലിതാരയുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റെയില്‍വേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയില്‍വേ മുഖ്യ വക്താവ് ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

ലിതാരയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ന ഹൈക്കോടതിയില്‍ ലോക് താന്ത്രിക് ജനാദള്‍ സെക്രട്ടറി സലിം മടവൂര്‍ ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കോച്ച് രവി സിംഗിന്റെ ശാരീരിക, മാനിസിക പീഡനം മൂലമാണ് ലിതാര ആത്മഹത്യ ചെയ്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ലിതാരയുടെ മരണത്തിലെ ദുരൂഹത ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നത്.

രവി സിംഗില്‍ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ലിതാരയുടെ കുടുംബം പല തവണ ആവര്‍ത്തിച്ചിരുന്നു. കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടെങ്കിലും കോച്ചിനെതിരായ തെളിവുകളുണ്ടെന്ന് കരുതുന്ന ലിതാരയുടെ ഫോണ്‍ ഇപ്പോഴും ബിഹാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.

Read Also : കായികതാരം ലിതാരയുടെ മരണം; കോച്ച് രവി സിംഗിന് സസ്‌പെന്‍ഷന്‍

കേരളത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് മികച്ച വിജയം കൈവരിച്ച് കളക്കത്തിലെ മികവുറ്റ താരമായി വളര്‍ന്ന ലിതാരയ്ക്ക് 23 വയസേ ഉണ്ടായിരുന്നുള്ളു. ഇന്ത്യന്‍ ടീമില്‍ പോലും ഇടം നേടേണ്ടിയിരുന്ന പ്രതിഭയായിരുന്നു ലിതാര. വിഷു അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ ബാസ്‌ക്കറ്റ് ബോളില്‍ പ്രാഥമിക പരിശീലനം നല്‍കിയ വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ പോയിരുന്നു ലിതാര. ഏപ്രില്‍ 16 ന് കുടുംബത്തോട് യാത്ര പറഞ്ഞ് ബിഹാറിലേക്ക് തിരികെ പോയി. പിന്നീട് 12 ദിവസത്തിന് ശേഷം ഏപ്രില്‍ 28ന് ചേതനയറ്റ ശരീരമായാണ് ലിതാര വീട്ടിലേക്ക് തിരിച്ചെത്തുന്നത്. ഏപ്രില്‍ 26നാണ് ലിതാരയെ പാട്നയിലെ ഒറ്റമുറി ഫല്‍റ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Story Highlights: lithara’s family rising allegations against coach ravi singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here