മാധ്യമ പ്രവർത്തകയുടെ കൊലപാതാകം; യുഎൻ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ

അൽ ജസീറ മാധ്യമ പ്രവർത്തക ഷിറീൻ അബു അക്ലേയുടെ കൊലപാതകത്തിൽ ഐക്യ രാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് അറബ് രാജ്യങ്ങൾ. ഇസ്രായേൽ അധികാരികളുടെ ക്രിമിനൽ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിനിടെ ഷിറീന് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നിലെ ഉത്തരവാദികളെ ശിക്ഷിക്കണം. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും യുഎൻ സെക്യൂരിറ്റി കൗൺസിലിനും ജനറൽ അസംബ്ലി പ്രസിഡന്റിനും അയച്ച കത്തുകളിൽ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണത്തിനുള്ള ആവശ്യം അടങ്ങിയിട്ടുണ്ടെന്നും യുഎന്നിലെ പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ പറഞ്ഞു.
1996 ൽ അൽ ജസീറ ആരംഭിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഷിറീൻ അൽ ജസീറയിൽ ചേർന്നത്. അതിനുമുമ്പ് വോയ്സ് ഓഫ് പലസ്തീൻ റേഡിയോ, അമ്മാൻ സാറ്റലൈറ്റ് ചാനൽ എന്നീ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. അൽ ജസീറയിൽ ചേർന്ന ശേഷം പലസ്തീൻ ജനതയുടെ അതിജീവന പോരാട്ടങ്ങൾ ലോകത്തെ അറിയിക്കാൻ നിതാന്ത ജാഗ്രതയോടെ ഷിറീൻ ഉണ്ടായിരുന്നു. ധീരയും സ്നേഹസമ്പന്നയുമായ മാധ്യമ പ്രവർത്തകയെന്നാണ് സഹപ്രവർത്തകർ അവരെ അനുസ്മരിച്ചത്.
രണ്ടായിരാമാണ്ടിലെ രണ്ടാം പലസ്തീൻ ഇന്റിഫാദ റിപ്പോർട്ട് ചെയ്തതിലൂടെയാണ് ഷിറീന് പ്രശസ്തയായത്. 2008, 2009, 2012, 2014, 2021 വർഷങ്ങളിൽ നടന്ന അധിനിവേശങ്ങളെയും ചെറുത്തുനിൽപുകളെയും പോരാട്ടഭൂമിയിൽ നിന്ന് തന്നെ റിപ്പോർട്ടു ചെയ്തു. ജറുസലേമിൽ ജനിച്ച അവർ ഇസ്രയേലിന്റെ യുദ്ധക്കൊതിക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെ, പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കു വേണ്ടി അചഞ്ചലമായി നിലയുറപ്പിച്ചു.
Story Highlights: Killing Of Al Jazeera Journalist Arab Countries Seek UN Probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here