5000 കോടി രൂപ വായ്പയെടുക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിന് വായ്പയെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 5000 കോടി രൂപ കടമെടുക്കാനാണ് അനുമതി നൽകിയത്. സംസ്ഥാന സര്‍ക്കാര്‍ 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാൽ ഈ വർഷത്തേക്കുള്ള വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല. അടുത്ത മാസം മുതൽ ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു.
കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കേന്ദ്ര സർക്കാർ എല്ലാ അർത്ഥത്തിലും ഞെരുക്കുകയാണെന്നാണ് മന്ത്രിസഭാ യോഗത്തിൽ മന്ത്രി പറഞ്ഞത്. പൊതുവിപണിയിൽനിന്ന്കടമെടുപ്പിനുള്ള അനുമതി കേന്ദ്രം പരമാവധി വൈകിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Read Also: കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ; കെഎൻ ബാലഗോപാൽ
കിഫ്ബി, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവ വഴി എടുക്കുന്ന കടങ്ങളും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമായാണ് പൊതുവിപണിയിൽനിന്ന്കടമെടുപ്പിനുള്ള അനുമതി വൈകുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. കൊവിഡ് കാലത്ത് അനുവദിച്ച അധിക വായ്പയുടെ കാര്യത്തിലും വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുവിപണിയിൽ നിന്ന് കടമെടുക്കാൻ അനുമതി വൈകുന്നത് സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. ഏപ്രിലിൽ 1000 കോടിയും മേയിൽ രണ്ടു തവണയായി 3000 കോടിയുമാണ് വായ്പ എടുക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഇവയൊന്നും സാധിക്കാതെ വന്നതോടെ ട്രഷറി നിയന്ത്രണം അടക്കം ഏർപ്പെടുത്തിയാണ് പിടിച്ചു നിന്നത്.
Story Highlights: Central Government allows Kerala to borrow Rs 5,000 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here