സിൽവർ ലൈൻ ഡിപിആർ തട്ടിക്കൂട്ട്; സിസ്ട്രയ്ക്ക് മറുപടിയുമായി അലോക് കുമാർ വർമ

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ സിസ്ട്ര അയച്ച മാനനഷ്ട നോട്ടിസിന് മറുപടി നൽകി റെയിൽവേ മുൻ ചീഫ് എഞ്ചിനീയറുമായ അലോക് കുമാർ വർമ. താനാണ് മാനനഷ്ടക്കേസ് നൽകേണ്ടത് . വസ്തുതാ വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. ആരോപണം ആവർത്തിച്ച വർമ, താൻ അഭിപ്രായങ്ങൾ ഉന്നയിച്ചത് ദീർഘകാലത്തെ പ്രവൃത്തിപരിചയത്തെ മുൻനിർത്തിയാണെന്ന് മറുപടി നൽകി. സിൽവർ ലൈൻ ഡി പി ആർ തട്ടിക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ മുഖേനയാണ് സിസ്ട്രയ്ക്ക് മറുപടി നൽകിയത്.
പൊതുമധ്യത്തിൽ ഉള്ള രേഖകൾ അടിസ്ഥാനമാക്കിയാണ് താൻ അഭിപ്രായം പറഞ്ഞത്. സിസ്ട്രയുടെ ബിസിനസ് ക്രിട്ടിക്കൽ വിവരങ്ങൾ ഉപയോഗിച്ചിട്ടില്ല. ആറു മാസത്തോളം സിസ്ട്രയും കെ റെയിലും ഡിപിആർ മുൻനിർത്തി തെറ്റായ പ്രചരണം നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് താൻ വാർത്താക്കുറിപ്പ് ഇറക്കിയതും ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചത് എന്നും അലോക് കുമാർ വർമ വക്കീൽ നോട്ടിസിന് മറുപടി നൽകി.
Read Also: സിൽവർ ലൈൻ അറിയേണ്ടതെല്ലാം; കൈപ്പുസ്തകമിറക്കാൻ സംസ്ഥാന സർക്കാർ
സിൽവർലൈൻ കൺസൽട്ടന്‍റായ സിസ്ട്രയെ അപകീർത്തിപ്പെടുത്തും വിധം സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം വിമർശനം ഉന്നയിച്ച അലോക് വർമയ്ക്കെതിരെ കഴിഞ്ഞ ദിവസമാണ് സിസ്ട്ര വക്കീൽ നോട്ടീസ് അയച്ചത്. അലോക് വർമ പ്രസിദ്ധീകരിച്ച അപകീർത്തികരമായ ലേഖനങ്ങൾ നിരുപാധികം പിൻവലിക്കുകയും 72 മണിക്കൂറിനുള്ളിൽ മാപ്പ് പറയുകയും വേണമെന്നായിരുന്നു ആവശ്യം. അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും എന്നും സിസ്ട്ര മുന്നറിയിപ്പ് നൽകിയിരുന്നു. അലോക് വർമയുടെ പ്രചാരണങ്ങളും ജനകീയ പ്രതിരോധ സമിതിയിലെ നിലപാടും തള്ളിപ്പറഞ്ഞ് കെ റെയിലും നേരത്തെ രംഗത്തെത്തിയിരുന്നു.
Story Highlights: Alok Kumar Verma responds to systra Silverline
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here