പെൺകുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല; വിവാദ സംഭവത്തിൽ ന്യായീകരണവുമായി സമസ്ത

പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത. വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിർത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ പുരസ്കാരം നൽകില്ലായിരുന്നു. പെൺകുട്ടിക്കോ കുടുംബത്തിനോ സമസ്തയ്ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിക്കുന്നത്.
പെൺകുട്ടിയെ വേദിയിൽ അപമാനിച്ചിട്ടില്ലെന്ന് എംടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞു. പെൺകുട്ടിക്ക് ലജ്ജ തോന്നിയതിനെ തുടർന്നാണ് പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് സമസ്തയുടെ പുതിയ വിശദീകരണം. സമസ്തയുടെ നിലപാടുകൾ കാലോചിതമായി പരിഷ്കരിച്ചവയാണെന്നും ബാലാവകാശ കമ്മിഷന്റെ കേസിനെ നിയമപരമായി നേരിടുമെന്നും സമസ്ത വ്യക്തമാക്കി.
Read Also: സമസ്ത വിവാദം; പരാതി ഉണ്ടെങ്കിൽ അന്വേഷിക്കും, നടപടി സ്വീകരിക്കും: വിദ്യാഭ്യാസമന്ത്രി
വിവാദത്തില്‍ സമസ്ത സെക്രട്ടറിയെ പിന്തുണച്ച് സുന്നി യുവജന സംഘം (എസ്.വൈ.എസ്. ) സംസ്ഥാന ജനറല്‍ സെക്രട്ടറി, വര്‍ക്കിങ് സെക്രട്ടറി, സെക്രട്ടറി എന്നിവർ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മതപണ്ഡിതനെ ഒറ്റപ്പെടുത്തുന്നത് ചെറുക്കും. പെണ്‍കുട്ടികളെ പരപുരുഷന്മാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പറയുന്നത് സ്ത്രീ സംരക്ഷണത്തിനാണ്. ഇസ്ലാമിലെ ഹിജാബ് നിയമം സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഹിജാബ് നിയമം ഉള്ളിടത്ത് പീഡനമില്ലെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രതികരിച്ചിരുന്നു.
പെണ്‍കുട്ടിയെ വിലക്കിയ സംഭവം മതനിയമമാണെന്ന് സുന്നി യുവജനസംഘം നേതാവ് സത്താര്‍ പന്തല്ലൂര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്. അന്യ സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ ഇടകലരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഇതിന്റെ മതതാത്പര്യം. ആര് അപരിഷ്‌കൃതം എന്ന് വിളിച്ചാലും ഇതാണ് മതനിയമം എന്ന് അഭിമാനത്തോടെ പറയും. മതപണ്ഡിതര്‍ വിശ്വാസികള്‍ക്കിടയില്‍ നടത്തുന്ന ഉദ്‌ബോധനങ്ങളും ശാസനകളും പുറമെയുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാവുക സ്വാഭാവികമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പെരിന്തല്‍മണ്ണയില്‍ മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ സമസ്ത നേതാവ് എതിര്‍പ്പുന്നയിച്ചതാണ് വിവാദമായത്. സംഭവത്തില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Story Highlights: No complaint to girl or family; Samastha with justification in case of controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here