Advertisement

കെഎസ്ആർടിസിയുടെ ചിലവിൽ വർധനയുണ്ടാക്കിയത് കേന്ദ്ര സർക്കാർ, ജീവനക്കാരെ ശരിയായ പാതയിൽ നയിക്കേണ്ട യൂണിയനുകൾ പ്രതിസന്ധികൾ ഉണ്ടാക്കുന്നു; ആന്റണി രാജു

May 15, 2022
Google News 2 minutes Read

കെഎസ്ആർടിസിയുടെ ചിലവിൽ വർധനയുണ്ടാക്കിയത് കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കാരണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. എണ്ണ കമ്പനികളോടുള്ള ലാഭക്കൊതി കാരണമാണ് അത് സംഭവിച്ചത്. അതിന്റെ പാപഭാരം ഏൽക്കേണ്ടി വരുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധികളുടെ നടുവിലും അതിനെ അതിജീവിക്കാനുള്ള ശ്രമകരമായ ദൗത്യങ്ങൾ മാനേജ്മെന്റും ഗവൺമെന്റും നടത്തുമ്പോൾ അതിനെ സഹായിക്കുന്നതിന് പകരം അതിന് ഇടങ്കോലിടുന്ന പ്രവർത്തനങ്ങളാണ് ചില യൂണിയനുകൾ നടത്തുന്നത്.(antony raju on ksrtc issue)

സാധാരണക്കാരുടെ വാഹനമാണ് കെഎസ്ആർടിസി. പൊതുജനങ്ങളെ വഴിയിലാക്കുന്ന പണിമുടക്ക് രീതിക്ക് മാറ്റമുണ്ടാകേണ്ടതുണ്ട്. നാളെ ശമ്പളം കൊടുത്താലും ഇത് തന്നെയാകും ആവർത്തിക്കുക. പണിമുടക്കി ഭീഷണിപ്പെടുത്തിയെന്ന പേരിൽ മാനേജ്‌മന്റ് ശമ്പളം കൊടുക്കുമെന്നാണ് ധരിക്കുന്നതെങ്കിൽ ആ ധാരണ മാറ്റേണ്ട കാലമായെന്നും മന്ത്രി പറഞ്ഞു. ആ ധാരണയ്ക്ക് മുന്നിൽ വഴങ്ങി കൊടുക്കാൻ ഗവൺമെന്റ് ഒരു കാരണവശാലും തയ്യാറാകില്ല.

Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…

ഗവൺമെന്റിന്റെ വാക്ക് കേൾക്കാതെ സമരം ചെയ്തിട്ട് അത് പരിഹരിക്കണം എന്ന് പറയുന്നതിൽ എന്താണ് ന്യായം. ഗവൺമെന്റിന്റെ വാക്ക് കേട്ടിരുന്നെങ്കിൽ യൂണിയനുകളുടെ കാര്യം കേൾക്കുമായിരുന്നു. ഗവൺമെന്റിന്റെത് ന്യായമായ വാക്കാണ്. മാനേജ്മെന്റിനെയും യൂണിയനുകളെയും ഒരുമിച്ച് വിളിച്ചുവരുത്തി രണ്ട് പേരോടും പറഞ്ഞതല്ലേ, പണിമുടക്കരുതെന്ന് യൂണിയനുകളോടും, പത്താം തീയതി ശമ്പളം കൊടുക്കണമെന്ന് മാനേജ്മെന്റിനോടും പറഞ്ഞു.

മാനേജ്‌മന്റ് തയ്യാറായി യൂണിയനുകളുടെ ബഹുഭൂരിപക്ഷം തയാറായിരുന്നു ആദ്യം. ഇതിന് പിന്നിലെ അജണ്ട വേറെയാണ് യൂണിനുകൾ പറയുന്നതനുസരിച്ച് മാനേജ്മെന്റും ഗവൺമെന്റും നിന്ന് കൊടുക്കണം. ഇല്ലെങ്കിൽ ഞങ്ങൾ ജനങ്ങളെ പെരുവഴിയിലാക്കും എന്ന ധാർഷ്ട്യം അവസാനിപ്പിക്കാതെ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ല. പണിമുടക്ക് ഭീഷണിയുടെ മുന്നിൽ തലകുനിച്ച് നിൽക്കാൻ ഗവൺമെന്റിനും മാനേജ്മെന്റിനും കഴിയില്ല.

സിഐടിയു എടുത്ത പക്വമായ നിലപാട് മറ്റ് യുണിയനുകൾ എടുത്തില്ല. കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നയം മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ യൂണിയനുകൾ സഹകരിക്കുന്നതിന് പകരം കൂടുതൽ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്. കെഎസ്ആർടിസി ജീവനക്കാരെ ശരിയായ പാതയിൽ നയിക്കേണ്ട യൂണിയനുകൾ അവരെ തെറ്റായ പാതയിലൂടെ നയിച്ച് പ്രതിസന്ധികൾ ഉണ്ടാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

യൂണിയനുകൾ പുനർചിന്തനത്തിന് തയ്യാറാകണം. കെ എസ് ആർ ടി സി മാനേജ്‌മെന്റുമായി സഹകരിക്കണം. ഗവൺമെന്റിന്റെയും മാനേജ്മെന്റിന്റെയും നടപടികൾക്ക് പിന്തുണ നൽകണം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശവും സമീപനവും യൂണിയനുകൾ സ്വീകരിക്കുന്നതിന് പകരം പ്രശ്‌നം വഷളാക്കാനാണ് യൂണിയൻ നേതാക്കളുടെ ലക്ഷ്യമെങ്കിൽ അതിന് മുന്നിൽ കൈയ്യും കെട്ടി നിൽക്കാൻ ഗവൺമെന്റ് തയ്യാറാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights: antony raju on ksrtc issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here