ആറ് സംസ്ഥാനങ്ങളിലെ ഗോതമ്പ് സംഭരണം തുടരും; അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ആറ് സംസ്ഥാനങ്ങളിലെ ഗോതമ്പ് സംഭരണം തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഗോതമ്പ് സംഭരണത്തിനുള്ള സമയപരിധി ഈമാസം 31 വരെ നീട്ടി. സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം.
കേന്ദ്ര പൂളിലേക്ക് ഗോതമ്പ് സംഭരിക്കാന്‍ എഫ്‌സിഐക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സമയം നീട്ടി നല്‍കുന്നത് കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് ഭക്ഷ്യ മന്ത്രാലയം വ്യക്തമാക്കി.
ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് ഗോതമ്പ് കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.
മേയ് 13 മുതല്‍ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചെങ്കിലും കയറ്റുമതി ചില വ്യവസ്ഥകളോടെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. റഷ്യ-യുക്രൈന്‍ യുദ്ധം മൂലം ഗോതമ്പിന്റെ രാജ്യാന്തര വിലയില്‍ 40 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുമൂലം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചു. ഡിമാന്‍ഡ് വര്‍ധിച്ചതിനാല്‍ പ്രാദേശിക തലത്തില്‍ ഗോതമ്പിന്റെയും മൈദയുടെയും വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
Read Also: ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ
ധാന്യ വില കൂടിയിട്ടും കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ പലഭാഗങ്ങളിലും നിന്നും പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. കയറ്റുമതി തുടരുന്നത് രാജ്യത്തെ ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്നായിരുന്നു വിമര്‍ശനം.
Story Highlights: Centre extends wheat procurement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here