Advertisement

പെട്രോള്‍ സ്‌റ്റോക്കുള്ളത് ഒരു ദിവസത്തേക്ക് മാത്രം; ജനങ്ങളോട് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് റെനില്‍ വിക്രമസിംഗെ

May 17, 2022
Google News 2 minutes Read

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി കടുക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളോട് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. പെട്രോള്‍ ഒരു ദിവസത്തേക്കുള്ളത് മാത്രമേ സ്‌റ്റോക്കുള്ളൂ എന്നും ക്ഷാമം പരിഹരിക്കാനായില്ലെങ്കില്‍ പവര്‍കട്ട് ദിവസം 15 മണിക്കൂര്‍ നേരമാക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സ്വകാര്യവല്‍ക്കരിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി പ്രധാനമന്ത്രി ആലോചിക്കുന്നത്.

മുന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് റെനില്‍ വിക്രമസിംഗെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റിലെ കമ്മി ജിഡിപിയുടെ 13 ശതമാനത്തിലധികം വരുമെന്ന് റെനില്‍ വിക്രമസിംഗെ ചൂണ്ടിക്കാട്ടി. ട്രഷറി ബില്ലുകള്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള അംഗീകൃത പരിധി 3000 ബില്യണില്‍ നിന്ന് 4000 ബില്യണായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ നാലിലൊന്ന് വൈദ്യുതി ഉല്‍പാദനത്തിനും പെട്രോളോ ഡീസലോ ആവശ്യമാണെന്നും അതിനാല്‍ പെട്രോള്‍ വാങ്ങുന്നതിന് അടിയന്തരമായി തുക സമാഹരിക്കേണ്ടതുണ്ടെന്നും പ്രധാമന്ത്രി പറഞ്ഞു. 20 മില്യണ്‍ ഡോളര്‍ സര്‍ക്കാരിന് ഉടന്‍ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് ശ്രീലങ്കയില്‍ ഭരണമാറ്റമുണ്ടാകുന്നത്. യുഎന്‍പി നേതാവായ ് റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയാകാന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ നിര്‍ദേശം നല്‍കുകയായിരുന്നു. 1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ തലവനാണ് റനില്‍ വിക്രമസിംഗെ. ഇതുവരെ 4 തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. എഴുപതുകളില്‍ രാഷ്ട്രീയത്തിലിറങ്ങിയ റനില്‍ 1977ല്‍ ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1993ല്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴില്‍ മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങളിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story Highlights: Petrol Stocks Left For A Day: PM Ranil Wickremesinghe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here