സിൽവർലൈൻ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകൾ പിൻവലിച്ചേക്കില്ല

സിൽവർലൈൻ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകൾ പിൻവലിച്ചേക്കില്ല. കേസ് നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. എന്നാൽ അറസ്റ്റും റിമാൻഡും പോലുള്ള കടുത്ത നടപടികളുണ്ടാവില്ല. വിവിധ ജില്ലകളിലായി എഴുന്നൂറിലേറെ പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വിവിധ ജില്ലകളിലായി 280ലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതലുള്ളത് കോട്ടയത്താണ്. ജില്ലയിൽ 38 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ണൂരിൽ 17ഉം കോഴിക്കോട് 14ഉം കൊല്ലത്ത് 10ഉം തിരുവനന്തപുരത്ത് 12ഉം കേസുകളുണ്ട്. കണ്ടാലറിയാവുന്നവർ എന്ന പേരിൽ എഴുന്നൂറിലേറെ പേരെയാണ് പ്രതികളാക്കിയിട്ടുള്ളത്. ഇതിൽ നാട്ടുകാരും സ്ത്രീകളും രാഷ്ട്രീയക്കാരും സമരസമിതിക്കാരുമെല്ലാം ഉൾപ്പെടും.
കല്ലിട്ടുള്ള സർവേ വേണ്ടെന്ന് വച്ചതോടെ ഈ കേസുകളും പിൻവലിക്കണമെന്ന് പ്രതിപക്ഷവും സമരസമിതിയുമെല്ലാം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിൻവലിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെല്ലാം തുടർനടപടികളുമായി മുന്നോട്ട് പോവും. രണ്ട് മാസത്തിനുള്ളിൽ കുറ്റപത്രവും നൽകും. കേസ് പിൻവലിച്ചാൽ സമരങ്ങൾ വീണ്ടും ശക്തിപ്പെടുമെന്നും അതിനാൽ അത്തരം നടപടികൾ വേണ്ടെന്നുമാണ് സർക്കാരിന്റെയും സിപിഐഎമ്മിന്റെയും നിലപാട്. പൊതുമുതൽ നശിപ്പിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, നിയമം ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകളാണ് ഭൂരിഭാഗം കേസുകളിലുമുള്ളത്. അറസ്റ്റ് ചെയ്യാവുന്ന കുറ്റങ്ങളാണങ്കിലും അത് വേണ്ടെന്നാണ് തീരുമാനം. അതിനാൽ കേസിൽ പെട്ടവർ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടിവരില്ലെങ്കിലും കോടതി കയറേണ്ടി വരും.
Story Highlights: silver line protesters case update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here