പാലക്കാട് ഇരട്ടക്കൊലപാകം; പ്രതികള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് പി.എം.എ.സലാം
പാലക്കാട് കല്ലാംകുഴി ഇരട്ടക്കൊലപാക കേസില്‍ പ്രതികള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. പെണ്‍കുട്ടിയെ സ്റ്റേജില്‍ കയറ്റിയ വിഷയത്തില്‍ സമസ്തയുടെ നിലപാടിനെ എതിര്‍ക്കില്ലെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു ( Muslim League intervened accused ).
ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പാര്‍ട്ടി കേസ് നടത്തിയിട്ടുണ്ട്. കൊലപാതകം നടന്നത് ആസൂത്രിതമല്ല. സംഘടനത്തില്‍ കൊല്ലപ്പെടുന്നത് സ്വാഭാവികമാണ്. സംഘടനത്തില്‍ കൊല്ലുകയല്ലല്ലോ. അങ്ങോടും ഇങ്ങോടും ഏറ്റുമുട്ടുകയാണല്ലോ, അപ്പുറത്തും മരണമുണ്ടാകും ഇപ്പുറത്തും മരണമുണ്ടാകും. രണ്ടു ഭാഗത്തും പരിക്കുണ്ടാകും. അവര്‍ക്ക് വേണ്ടി മുസ്ലീം ലീഗ് കേസ് നടത്തിയിട്ടുണ്ട് അതൊന്നും മറച്ചു വെക്കാന്‍ ഞങ്ങള്‍ തയാറല്ല. പക്ഷേ ഇത് അവസാനത്തെ വിധിയല്ല. ഒരു ജില്ലാ കോടതി വിധി അവസാനത്തെ വിധി അല്ലല്ലോ, അതിന് മുകളിലൊക്കെ വിധികളുണ്ട്. അതുകൊണ്ട് ജീവപര്യന്തം ശിക്ഷിപ്പെട്ട പ്രതികള്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. നേരത്തെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ ലീഗ് നേതാക്കളോടൊപ്പം ഫോട്ടോ എടുത്തതില്‍ തെറ്റില്ലെന്നും പി.എം.എ.സലാം പറഞ്ഞു.
കേസില്‍ മുസ്ലിം ലീഗ് നേതാവ് ഉള്‍പ്പടെ 25 പ്രതികള്‍ക്ക് തിങ്കളാഴ്ച ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി രതിജ ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതി നേരത്തെ വിധിച്ചിരുന്നു.
മുസ്ലിം ലീഗ് നേതാവായ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കാണ് ജീവപര്യന്തം ലഭിച്ചത്. 2013 നവംബര്‍ 21ന് സിപിഎം പ്രവര്‍ത്തകരായ പള്ളത്ത് നൂറുദ്ദീന്‍ (40), ഹംസ (കുഞ്ഞുഹംസ 45) എന്നിവരാണ് കൊല്ലപ്പെട്ടത്. മുസ്ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി.എം. സിദ്ദിഖാണ് ഒന്നാം പ്രതി. നാലാം പ്രതി ഹംസപ്പ വിചാരണ തുടങ്ങും മുന്‍പ് മരിച്ചിരുന്നു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കും കൊലപാതകം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല.
പാലക്കാപറമ്പില്‍ അബ്ദുല്‍ ജലീല്‍, തൃക്കളൂര്‍ കല്ലാങ്കുഴി പലയക്കോടന്‍ സലാഹുദ്ദീന്‍, മങ്ങാട്ടുതൊടി ഷമീര്‍, അക്കിയപാടം കത്തിച്ചാലില്‍ സുലൈമാന്‍, മാങ്ങോട്ടുത്തൊടി അമീര്‍, തെക്കുംപുറയന്‍ ഹംസ, ചീനത്ത് ഫാസില്‍, തെക്കുംപുറയന്‍ ഫാസില്‍, എം.റാഷിദ് (ബാപ്പൂട്ടി), ഇസ്മായില്‍ (ഇപ്പായി), ഷിഹാബ്, മുസ്തഫ, നാസര്‍, ഹംസ (ഇക്കാപ്പ), സലിം, നൗഷാദ് (പാണ്ടി നൗഷാദ്), സെയ്താലി, താജുദ്ദീന്‍, ഷഹീര്‍, അംജാദ്, മുഹമ്മദ് മുബഷീര്‍, മുഹമ്മദ് മുഹസിന്‍, നിജാസ്, ഷമീം, സുലൈമാന്‍ എന്നിവരാണ് കുറ്റക്കാര്‍.
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും രാഷ്ട്രീയ, വ്യക്തിവിരോധവുമാണു കൊലപാതകത്തിനു കാരണമായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് 1998ല്‍ കല്ലാംകുഴി പാലയ്ക്കാപറമ്പില്‍ മുഹമ്മദ് വധിക്കപ്പെട്ട കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട ഹംസയും നൂറുദ്ദീനും. 2007ല്‍ കോടതി പ്രതികളെ വിട്ടയച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സംഘടനയ്ക്കുവേണ്ടി പണപ്പിരിവു നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീണ്ടും പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട ഹംസ, പണപ്പിരിവു ചോദ്യം ചെയ്തു കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. പിരിവിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പൊതുയോഗം നടത്തിയതോടെ പ്രശ്‌നത്തിനു രാഷ്ട്രീയമാനം മാനം കൈവന്നു. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കുശേഷം വീട്ടില്‍ കൊണ്ടുപോകുമ്പോഴായിരുന്നു നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരുടെ മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദിനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദായിരുന്നു കേസിലെ നിര്‍ണായകസാക്ഷി. ലീഗുകാരായ പ്രതികളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്ന ആരോപണം സിപിഐഎം ഉയര്‍ത്തിയിരുന്നു.
Story Highlights: Palakkad double murder; PMA Salam said that the Muslim League had intervened on behalf of the accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here