‘നിരായുധനെ കൊന്നു’, യുദ്ധക്കുറ്റം ഏറ്റുപറഞ്ഞ് റഷ്യൻ സൈനികൻ

യുക്രൈൻ അധിനിവേശം ആരംഭിച്ച ശേഷമുള്ള ആദ്യ യുദ്ധക്കുറ്റ വിചാരണയിൽ കുറ്റം സമ്മതിച്ച് റഷ്യൻ സൈനികൻ. ഫെബ്രുവരി 28 ന് സുമി മേഖലയിൽ നിരായുധനായ യുക്രൈൻ പൗരനെ വെടിവച്ച് കൊന്ന കുറ്റമാണ് കീവ് കോടതിയിൽ ഹാജരായ വാഡിം ഷിഷിമാരിൻ (21) സമ്മതിച്ചത്. യുദ്ധക്കുറ്റം, ആസൂത്രിത കൊലപാതകം എന്നിവയാണ് ഇയാളിൽ ചുമത്തിയിരിക്കുന്നത്.
ആയുധധാരികളായ കാവൽക്കാരുടെ അകമ്പടിയോടെ, കനത്ത സുരക്ഷയിലാണ് തടവുകാരനെ കീവ് ജില്ലാ കോടതിയിൽ എത്തിച്ചത്. കിഴക്കൻ സുമി മേഖലയിലെ ചുപഖിവ്ക ഗ്രാമത്തിന് സമീപം സൈക്കിളിൽ സഞ്ചരിച്ച് 62 വയസ്സുകാരനെ കൊലപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. വിചാരണക്കിടെ കുറ്റങ്ങൾ ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ‘ഉണ്ട്’ എന്നായിരുന്നു വാഡിം മറുപടി നൽകിയത്. കുറ്റം തെളിഞ്ഞാൽ സൈനികന് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാം.
കൊല്ലപ്പെട്ടയാളുടെ വിധവയുടെ മുന്നിൽ തല കുനിച്ചാണ് വാഡിം നിന്നത്. ഷിഷിമാരിൻ ഒരു ടാങ്ക് ഡിവിഷനിലെ യൂണിറ്റിന് കമാൻഡറായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. ഷിഷിമാരിനും മറ്റു നാല് സൈനികരും ഒരു കാർ മോഷ്ടിച്ചു കടക്കവെ, ചുപഖിവ്കയ്ക്ക് സമീപമെത്തിയപ്പോൾ സൈക്കിളിൽ 62 വയസ്സുള്ള പൗരൻ വരുന്നതു കാണുകയും ഷിഷിമാരിൻ വയോധികനെ കൊല്ലാൻ ഉത്തരവിടുകയുമായിരുന്നെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. വിവിധ യുദ്ധക്കുറ്റങ്ങളിലായി 41 റഷ്യൻ സൈനികരാണ് വിചാരണ നേരിടുന്നത്.
Story Highlights: russian solider pleads guilty to war crimes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here