Advertisement

കാണികളെ ത്രസിപ്പിക്കുന്ന ഉടൽ; ഇന്ദ്രൻസിന്റെ കലക്കൻ പ്രകടനം

May 20, 2022
Google News 1 minute Read

സാവധാനത്തിൽ കഥയാരംഭിച്ച് ഉദ്വേഗത്തിന്റെ മുൾമുനയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ഉഗ്രൻ ത്രില്ലറാണ് ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഉടൽ. രണ്ട് മണിക്കൂറോളം കാണികളെ ത്രസിപ്പിക്കുന്ന കാഴ്ചകളിലേക്കാണ് ഈ കുഞ്ഞു സിനിമ നമ്മളെ കൊണ്ടുപോവുക. ഇന്ദ്രൻസിന്റേയും ദുർഗാ കൃഷ്ണയുടേയും മനംമയക്കുന്ന പ്രകടനം കൂടിയാകുമ്പോൾ, ഈ ആഴ്ച ഇറങ്ങിയ സിനിമകളിൽ കൊടുത്ത പൈസ മുതലാകുന്ന പടമാണ് നവാഗതനായ രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉടൽ.

മലയോര ഗ്രാമത്തിലെ കർഷക കുടുംബത്തിൽ ഒരു രാത്രിയിൽ അരങ്ങേറുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കുട്ടിയച്ചനാണ് കുടുംബനാഥൻ. അയാളുടെ ഭാര്യയാകട്ടെ ഒരു കിടപ്പ് രോഗിയും. കുട്ടിയച്ചന്റെ മകന്റെ ഭാര്യ ഷൈനിയായി ദുർഗാ കൃഷ്ണ വേഷമിടുന്നു. ജാര ബന്ധങ്ങൾ സൂക്ഷിക്കുന്ന ഷൈനി ഒരു ദിവസം മറ്റൊരു ഉദ്യമത്തിന് ശ്രമിക്കുന്നു. ആ വീടിനെയാകെ പിടിച്ചുലക്കുന്ന സംഭവ പരമ്പരകളിലേക്കാണ് അത് നയിക്കുന്നത്. കുട്ടിയച്ചനും ഷൈനിയുമെല്ലാം ഇരയും വേട്ടക്കാരുമായി മാറിമറിഞ്ഞാടുന്ന നാടകയരങ്ങായി വീട് മാറുകയാണ്. അതി സൂക്ഷ്മമായ അഭിനയ മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്ന സീനുകളിലൂടെയാണ് കഥയുടെ പിന്നീടുള്ള വികാസം.

ഒരു കണ്ണിന് കാഴ്ചയില്ലാത്ത കുട്ടിയച്ചനായി ഇന്ദ്രൻസ് മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്. അഭിനയ മികവ് കൊണ്ട് തുടർച്ചയായി മലയാളി പ്രേക്ഷകരുടെ മനം കവരുന്ന ഇന്ദ്രൻസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലാകും ഈ കഥാപാത്രമെന്നുറപ്പ്. കെട്ടിലും മട്ടിലും കാഴ്ചാ വൈകല്യമുള്ള കുട്ടിയച്ചനായി ഇന്ദ്രൻസ് മാറിയിട്ടുണ്ട്. ഒരു കണ്ണിന് മാത്രം കാഴ്ചയുള്ള കുട്ടിയച്ചനന്റെ നോട്ടം സിനിമ കഴിഞ്ഞിറങ്ങുമ്പോഴും നമ്മുടെ മനസിൽ നിറയും. തുടക്കത്തിൽ സ്‌നേഹത്തിന്റെ പ്രതീകമായി കാണുന്ന കുട്ടിയച്ചൻ സിനിമയുടെ രണ്ടാം പാതിയിൽ പകയും ഭയവും മുറ്റുന്ന മുഖഭാവങ്ങളോടെ സ്‌ക്രീൻ നിറഞ്ഞാടുകയാണ്.

ഈശ്വരാ ഇത് ഇന്ദ്രൻസ് തന്നെയാണോ എന്ന് ആരാധകർ; ത്രില്ലടിപ്പിച്ച് ഉടൽ ടീസർ..!,  Indrans, Dhyan Sreenivasan, Durga Krishna, Malayalam New Thriller Movie

ഷൈനിയുടെ കരുതിക്കൂട്ടിയുള്ള ചില ചെയ്തികളിൽ നിന്നാണ് ആ രാത്രിയുടെ തുടക്കം. ഷൈനിയായി ദുർഗാ കൃഷ്ണയുടെ പ്രകടനം അവരുടെ കരിയറിലെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങളെയാണ് സ്‌ക്രീനിൽ എത്തിക്കുന്നത്. രണ്ടാം പകുതിയിലെ ആക്ഷൻ രംഗങ്ങളിൽ ദുർഗയുടെ പ്രകടനം സമീപകാലത്ത് ഒരു നായികാ നടിക്കും അവകാശപ്പെടാൻ കഴിയാത്ത വിധം മികച്ചതായി. ഇന്റിമേറ്റ് സീനുകൾ വൾഗാരിറ്റിയിലേക്ക് വഴുതിപ്പോകാതെ കയ്യടക്കത്തോടെ ഒരുക്കാൻ സംവിധായകനായി. കഥാപാത്രവും കഥാപരിസരവും ആവശ്യപ്പെടുന്ന നിലയിൽ നിന്ന് അതൊരിക്കലും മാറി നടക്കുന്നില്ല. അത്രക്ക് സ്വാഭാവികമാണ് ആ രംഗങ്ങൾ. മലയാള സിനിമയുടെ സ്ഥിരം കഥാപരിസരത്ത് നിന്ന് ഉടലിനെ വ്യത്യസ്തമാക്കുന്നത് ഇത്തരം ഘടകങ്ങൾ കൂടി ചേർന്നാണ്.

നവാഗത സംവിധായകൻ ആയിട്ടും കയ്യൊതുക്കത്തോടെ സീനുകൾ ചിട്ടപ്പെടുത്താൻ രതീഷ് രഘുനന്ദന് കഴിഞ്ഞു. ചെറിയ പ്രമേയത്തെ ട്രീറ്റ്‌മെന്റിലെ പുതുമകൊണ്ടും അഭിനേതാക്കളുടെ അവിസ്മരണീയമായ അഭിനയം കൊണ്ടും മികച്ചൊരു ചലച്ചിത്രാനുഭവമാക്കാൻ സംവിധായകന് സാധിച്ചു. മനോജ് പിള്ളയുടെ ക്യാമറയും വില്യം ഫ്രാൻസിസിന്റെ പശ്ചാത്തല സംഗീതവും നിഷാദ് യൂസഫിന്റെ എഡിറ്റിംഗും ചിത്രത്തെ അടിമുടി ത്രില്ലറായി നിർത്താൻ സഹായിച്ചിട്ടുണ്ട്.

Story Highlights: indrans tumultuos performance in udal movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here