Advertisement

ഒച്ചപാടും ബഹളവുമില്ല; സിംപിളായി നാനോയില്‍ വന്നിറങ്ങി രത്തന്‍ ടാറ്റ; ഏറ്റെടുത്ത് നെറ്റിസണ്‍സ്

May 20, 2022
Google News 5 minutes Read
ratan tata ride in India's cheapest car nano

ലോകത്തെ അതിസമ്പന്നരുടെയൊക്കെ യാത്രകളും അവര്‍ പങ്കെടുക്കുന്ന പരിപാടികളുമൊക്കെ എങ്ങനെയാണ്? ആഢംഭരപൂര്‍വമായിരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ലല്ലോ. പലപ്പോഴും സിനിമാ താരങ്ങളും വലിയ വ്യവസായ പ്രമുഖരുമൊക്കെ സ്വന്തമാക്കുന്ന വിലകൂടിയ വാഹനങ്ങളും മറ്റും ആരാധകവൃത്തത്തിനിടയില്‍ ചര്‍ച്ചയാകാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായി ഒരു ലക്ഷം രൂപ വിലയുള്ള നാനോ കാറില്‍ മുംബൈയിലെ താജ്‌ഹോട്ടലിന് മുന്നില്‍ വന്നിറങ്ങിയ രത്തന്‍ ടാറ്റയാണ് ഇന്നത്തെ താരം.

സുരക്ഷാ ഭടന്മാരോ വാഹന വ്യൂഹമോ ഇല്ലാതെ രാജ്യത്തെ അതിസമ്പന്നരിലൊരാളായ രത്തന്‍ ടാറ്റ നാനോ കാറില്‍ വന്നിറങ്ങിയപ്പോള്‍ കൂടിനിന്നവര്‍ അതിശയിച്ചു. രത്തന്‍ ടാറ്റയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ശന്തനു നായിഡുവാണ് കാറോടിച്ചിരുന്നത്. മുന്‍വശത്തെ സീറ്റിലിരുന്ന ടാറ്റയെ കണ്ടപ്പോള്‍ ആളുകള്‍ ബഹുമാനവും ആശ്ചര്യവും കൊണ്ട് ഓടിവന്നു…

ലോകത്തെ ഏറ്റവും ധനികരായ ഇന്ത്യക്കാരില്‍ ഒരാളായിരുന്നിട്ടും രത്തന്‍ ടാറ്റയുടെ ഈ ലാളിത്യം നിറഞ്ഞ പ്രവൃത്തി സോഷ്യല്‍ മീഡിയാ ലോകം ഏറ്റെടുത്തുകഴിഞ്ഞു. ഇലക്ട്രിക് വെഹിക്കിള്‍സ് പവര്‍ട്രെയിന്‍ സൊല്യൂഷന്‍സ് കമ്പനിയായ ഇലക്ട്ര ഇവിയാണ് ഈ കസ്റ്റം നിര്‍മ്മിതമായ ടാറ്റ നാനോ ഇലക്ട്രിക് രത്തന്‍ ടാറ്റയ്ക്ക് സമ്മാനിച്ചത്.

ടാറ്റ ഗ്രൂപ്പ് നിര്‍മിതമായ ടാറ്റ നാനോ 2009ലാണ് പുറത്തിറങ്ങുന്നത്. കാഴ്ചയില്‍ വളരെ ക്യൂട്ടും കംഫര്‍ട്ടും, ചിലവ് കുറഞ്ഞതുമായ ഈ കാര്‍ എന്തുകൊണ്ടോ ഇന്ത്യയില്‍ ആദ്യത്തേത് പോലെ പിന്നീടങ്ങോട്ട് വേണ്ടത്ര സ്വീകാര്യത നേടിയില്ല. ഇന്നും വിലകുറഞ്ഞ കാറുകള്‍ ആളുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോഴും നാനോയ്ക്ക്, പിന്നില്‍ തന്നെയാണ് സ്ഥാനം. അതേ കാറില്‍ വന്നിറങ്ങി, വീണ്ടും ടാറ്റയുടെ നാനോയെ പുനരുജ്ജീവിപ്പിക്കുകയാണ് രത്തന്‍ ടാറ്റ.

Read Also: 7400 കോടിയുടെ ആസ്തിയുടെ ഉടമ; എന്തുകൊണ്ട് അതിസമ്പന്നപ്പട്ടികയിൽ രത്തൻ ടാറ്റയില്ല?

രത്തന്‍ ടാറ്റയുടെ ലാളിത്യവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും എന്നും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 66 ശതമാനവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് രത്തന്‍ ടാറ്റ ഉപയോഗിക്കുന്നത്. അത് ഇന്ന് മാത്രമല്ല ടാറ്റാഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ ജെ.ആര്‍.ഡിയുടെ കാലം മുതല്‍ ഇങ്ങനെ തന്നെയായിരുന്നു. 2021ലെ ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ 433ാം സ്ഥാനമായിരുന്നു. അതിനുമുമ്പുള്ള വര്‍ഷങ്ങളില്‍ പട്ടികയില്‍ ടാറ്റയുടെ സമ്പത്ത് 6,000 കോടി രൂപയുമായി 198ാം സ്ഥാനത്തായിരുന്നു. രത്തന്‍ ടാറ്റയുടെ വരുമാനത്തിന്റെ സിംഹഭാഗവും ടാറ്റ സണ്‍സില്‍ നിന്നാണ്.

Story Highlights: ratan tata ride in India’s cheapest car nano

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here