വൈദ്യന്റെ കൊലപാതകം; മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല

പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിൻ്റെ കൊലപാതകത്തിൽ മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല. എടവണ്ണ പാലത്തിന് സമീപം ചാലിയാർ പുഴയിലാണ് നാവികസേന തെരച്ചിൽ നടത്തിയത്. ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങി. നാളെയും തെരച്ചിൽ തുടരും.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെ ചാലിയാർ തീരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിഞ്ഞ എടവണ്ണ സീതിഹാജി പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷൈബിൻ അഷ്റഫ് കുറ്റം സമ്മതിക്കാത്ത സാഹചര്യത്തിലാണ് ഇയാളെയും ഡ്രൈവർ നിഷാദിനെയും ചാലിയാർ തീരത്ത് എത്തിച്ചത്. മൃതദേഹം വലിച്ചെറിഞ്ഞു എന്ന് കരുതപ്പെടുന്ന സ്ഥലം അന്വേഷണ സംഘത്തിന് ഷൈബിൻ കാണിച്ചുകൊടുത്തു എന്നാണ് വിവരം.
Read Also: മലപ്പുറത്ത് മൃതദേഹാവശിഷ്ടങ്ങൾ നായ കടിച്ചെന്ന് പരാതി
നേരത്തെ കസ്റ്റഡിയിലെടുത്ത നൗഷാദുമൊത്ത് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. നൗഷാദുമായുള്ള തെളിവെടുപ്പിനിടെ വൈദ്യന്റേതെന്ന് സംശയിക്കുന്ന രക്തക്കറ, മുടി എന്നിവ ലഭിച്ചിരുന്നു. ഇവ ഡി എൻ എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം ഷൈബിൻ അഷറഫിന്റെ ഭാര്യയും ഷൈബിന് നിയമോപദേശം നൽകിയ മുൻ പൊലീസ് ഉദ്യോഗസ്ഥനും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. ഷാബ ഷരീഫിനെ തടവിൽ പാർപ്പിച്ച കാലത്തും കൊലപ്പെടുത്തിയപ്പോഴും ഭാര്യ വീട്ടിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
മുൻ എഎസ്ഐ പലകാര്യങ്ങളിലും നിയമസഹായം ലഭ്യമാക്കിയിരുന്നതായി ഷൈബിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് അറസ്റ്റ് ഒഴിവാക്കാനാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25-ലേക്ക് മാറ്റി.
Story Highlights: Murder of traditional healer; No remains were found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here