‘ഇത്തരം വിഷമം അനുഭവിക്കുന്ന സഹോദരിമാർക്ക് എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യും, ഈ വിധി അവർക്ക് പ്രചോദനമാകട്ടെ’ : വിസ്മയയുടെ സഹോദരൻ വിജിത്ത് ട്വന്റിഫോറിനോട്

വിസ്മയ മരിച്ച ദിവസം മുതൽ ഇന്ന് വരെ തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സമൂഹത്തിനും മാധ്യമങ്ങൾക്കും നന്ദിയറിയിച്ച് സഹോദരൻ വിജിത്ത്. എല്ലാവരുടേയും പ്രാർത്ഥനയാണ് അനുകൂലമായ വിധിക്ക് കാരണമായതെന്ന് വിജിത്ത് പറയുന്നു. ഇത്തരം വിഷമം അനുഭവിക്കുന്ന സഹോദരിമാർക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യാറുണ്ടെന്നും ഇനിയും അത് തുടരുമെന്നും വിജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു. ( vismaya brother about court verdict )
വിസ്മയ ഭർതൃപീഡനത്തെ കുറിച്ച് കരഞ്ഞ് പറഞ്ഞപ്പോൾ ആദ്യം അച്ഛൻ ‘ജീവിതം അങ്ങനെയൊക്കെയാണ്’ എന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചത് അച്ഛന്റെ അറിവില്ലായ്മ കൊണ്ടാണെന്നും വിജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു.
‘ഞങ്ങൽ ഗ്രാമീണ പശ്ചാത്തലത്തിൽ ജീവിച്ച് വളർന്ന കുടുംബമാണ്. ഈ സമൂഹത്തേയും സിസ്റ്റത്തേയും ഭയന്നാണ് ജീവിച്ചിരുന്നത്. അത്ര നാൾ സന്തോഷവതിയായിരുന്ന മോൾ പെട്ടെന്ന് സങ്കടം നിറഞ്ഞ ജീവിതത്തിലേക്ക് പോയി…മോളെ ജീവിതം ഇങ്ങനെയാണെന്ന് അച്ഛൻ പറയാൻ കാരണം ആദ്യം സംഗതിയുടെ ഗൗരവം മനസിലാകാതിരുന്നതുകൊണ്ടാണ്. ഇത് അറിഞ്ഞയുടൻ അച്ഛൻ മോളെ തിരിച്ച് വിളിച്ചുകൊണ്ടുവരികയായിരുന്നു’- വിജിത്ത് പറയുന്നു.
സത്യം എന്നായാലും ജയിക്കുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്ന് വിജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു. കോടതിക്കും അന്വേഷണ സംഘത്തിനും അഭിഭാഷകനും വിജിത്ത് നന്ദി അറിയിച്ചു.
Story Highlights: vismaya brother about court verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here