ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് വിധി ഒരു ധൈര്യമാണ്: ഷാഹിദ കമാൽ

ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് വിസ്മയ കേസിലെ വിധി ധൈര്യമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. തുടക്കം മുതൽ കുടുംബത്തോട് ചേർന്നുനിന്ന കമ്മീഷൻ അംഗമെന്ന നിലയിൽ എനിക്ക് ഇത് വലിയ ആശ്വാസം നൽകുന്നതാണ്. നാളെ ശിക്ഷാവിധിയിലും വളരെയേറെ പ്രതീക്ഷ വെക്കുന്നുണ്ട് എന്നും ഷാഹിദ കമാൽ പറഞ്ഞു.
“വളരെ ആശ്വാസം നൽകുന്ന ഒരു വിധിയാണ്. നാളെ ശിക്ഷാവിധിയിലും വളരെയേറെ പ്രതീക്ഷ വെക്കുന്നുണ്ട്. കാരണം ഓരോ പെൺകുട്ടിയും സ്ത്രീധനത്തിൻ്റെ പേരിൽ അവരുടെ ജീവൻ നഷ്ടപ്പെടുമ്പോൾ ഇനിയത് ആവർത്തിക്കരുതെന്ന് നമ്മൾ ആഗ്രഹിച്ചിട്ടുണ്ട്. വിസ്മയയുടെ കാര്യത്തിലാണെങ്കിൽ പോലും ഇനിയൊരു സ്ത്രീധന മരണമുണ്ടാവരുതെന്ന ഹാഷ് ടാഗ് പോലും കേരളത്തിൽ വന്നു. തുടക്കം മുതൽ കുടുംബത്തോട് ചേർന്നുനിന്ന കമ്മീഷൻ അംഗമെന്ന നിലയിൽ എനിക്ക് ഇത് വലിയ ആശ്വാസം നൽകുന്നതാണ്. അതിലുപരിയായി ഒരുപാട് പെൺകുട്ടികൾ പല കുടുംബങ്ങളിൽ സ്ത്രീധനത്തിൻ്റെ പേരിൽ ഗാർഹിക, സാമ്പത്തിക, ശാരീരിക പീഡനങ്ങൾക്ക് വിധേയരാവുന്നുണ്ട്. പലപ്പോഴും അവർ ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നത് ഞങ്ങൾ നിയമപോരാട്ടത്തിനു പോയിക്കഴിഞ്ഞാൽ ഒറ്റപ്പെട്ടുപോകുമോ, വിധി എതിരായാൽ കൂടുതൽ പീഡനങ്ങൾ ഏൽക്കേണ്ടിവരുമോ എന്ന ആശങ്ക കൊണ്ട് പുറത്തുപറയാത്ത പെൺകുട്ടികളുണ്ട്. അവർക്ക് ഒരു ധൈര്യം കൂടിയാണ് ഇത്.”- ഷാഹിദ കമാൽ 24നോട് പറഞ്ഞു.
പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി വിധി പ്രസ്താവിച്ചിരുന്നു. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 306, 498, 498A വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും.
Story Highlights: vismaya case verdict shahida kamal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here